കൊല്ലം: പുനലൂർ വാഴത്തോപ്പിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കാറിൽ സഞ്ചരിച്ചിരുന്ന മലപ്പുറം സ്വദേശി സുനീഷിനാണ് ഗുരുതര പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ഭാര്യ കറവൂർ പെരുന്തോയിൽ സ്വദേശിനി അജിതക്കും പരിക്കുണ്ട്. ബസ് ഡ്രൈവർ ലാലു ഉൾപ്പെടെ ആറ് ബസ് യാത്രികർക്കും പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്. പത്തനാപുരം ഭാഗത്ത് നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന കാർ മറ്റൊരു ബസിനെ മറികടന്ന് വരുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസ് വെട്ടിക്കാൻ ശ്രമിച്ചതോടെ സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ മലപ്പുറത്തുനിന്നും യാത്രതിരിച്ചതാണ് കാർ യാത്രികർ. ഉറങ്ങിപ്പോയതാകാം അപകടകരണം എന്നാണ് പ്രാഥമിക നിഗമനം.