spot_img
Thursday, April 30, 2026

8 പവൻ സ്വർണം, 15000 രൂപ, സിസിടിവി ദൃശ്യങ്ങൾ സാക്ഷി, 8 വീടുകളില്‍ കവ‍ർച്ച; താമരശ്ശേരിയിൽ മോഷണ പരമ്പര



താമരശ്ശേരിയില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തി. 8 പവൻ സ്വർണവും 15,000 രൂപയും നഷ്ടപ്പെട്ടു. മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒന്നര മാസത്തിനിടെ സമീപത്തെ എട്ടു വീടുകളിലാണ് മോഷണം നടന്നത്.താമരശ്ശേരി കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീൻ്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. ഷംസുദ്ദീന്റെ പിതാവിന് അസുഖമായതിനാൽ വീട്ടുകാരെല്ലാം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ച 8 പവൻ സ്വർണവും 15000 രൂപയും നഷ്ടപ്പെട്ടു. മുഖം മൂടിയ മോഷ്ടാവിന്റെ സിസി ടിവി ദൃശങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്നരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് വിദ്ഗധരും വീട്ടില്‍ പരിശോധനകള്‍ നടത്തി.കഴിഞ്ഞ ഒന്നര മാസത്തിനിടെ എട്ട് വീടുകളില്‍ സമാനമായ തരത്തില്‍ മോഷണം നടന്നിടരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിട്ടും മോഷ്ടാവിനെ ഇതുവരെയായിട്ടും പിടികൂടാനായിട്ടില്ല. പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് മോഷണപരമ്പരയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വ്യാപാരിയെ തടഞ്ഞു നിർത്തി 20,000 രൂപയും ഫോണും സമീപ പ്രദേശത്ത് കവർന്നിരുന്നു. ഏതാനും ദിവസം മുമ്പ് പട്ടാപ്പകൽ ചുങ്കത്തെ ബാറ്ററി കടയിൽ നിന്നും സാധനങ്ങള്‍ കളവ് പോയിരുന്നു. തുടര്‍ച്ചയായുള്ള മോഷണങ്ങളില്‍ ആശങ്കയിലും ഭീതിയിലുമാണ് ജനങ്ങള്‍.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles