spot_img
Saturday, April 19, 2025

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് റിപ്പോട്ട്, പോസ്റ്റ്മോർട്ടം ഇന്ന്



കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് സമർപ്പിക്കും. ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം ‌വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. അതേസമയം, അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലാണ്.

എഴുന്നളളത്തിന് കൊണ്ടുവന്ന ആനകള്‍ തമ്മിലുളള ഏറ്റമുട്ടിലിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണും ആനയുടെ ചവിട്ടേറ്റുമാണ് മൂന്ന് പേര്‍ മരിച്ചത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ആനകള്‍ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ഓഫീസ് തകര്‍ന്നു വീണതാണ് അപകടത്തിന്‍റെ ആഘാതം കൂട്ടിയത്. ഓഫീസ് കെട്ടിടം തകര്‍ന്ന് അതിന്‍റെ അടിയിലകപ്പെട്ടവര്‍ക്ക് എഴുന്നേറ്റ് പോകാനായിരുന്നില്ല. ഇവരിൽ ചിലരെ ആന തിരിഞ്ഞോടുന്നതിനിടെ ചവിട്ടി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം.

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇട‌ഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്‍റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.ഇതിനിടെ, കൊമ്പുകോര്‍ത്തശേഷം തിരിഞ്ഞോടിയ ആനകളുടെ മുന്നിൽ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കോടിയ ആനകളെ പ്രധാന റോഡില്‍ എത്തും മുമ്പ് തന്നെ പാപ്പാന്‍മാര്‍ തളച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles