കരിപ്പൂർ : കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിനു പുറത്തെത്തിയ യാത്രക്കാരനെ പൊലീസ് പൊക്കി, എക്സ്റേ പരിശോധന നടത്തിയപ്പോൾ ശരീരത്തിനുള്ളിൽ കണ്ടതു 4 സ്വർണ മിശ്രിത ഉരുളകൾ. പുറത്തെടുത്തു മിശ്രിതം വേർതിരിച്ചപ്പോൾ ലഭിച്ചത് ഏകദേശം 35 ലക്ഷം രൂപയുടെ സ്വര്‍ണം. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പൊലീസിന്റെ നീക്കങ്ങൾ.ഖത്തറിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി ഇസ്മായിൽ (42) ആണു കുടുങ്ങിയത്. ഇസ്മായിലിനെ കൊണ്ടുപോകാനെത്തിയ കോഴിക്കോട് നന്മണ്ട സ്വദേശി ഇക്ബാലി(45)നെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു
തിങ്കളാഴ്ച അർധരാത്രിയോടെയാണു സംഭവം. സ്വർണക്കടത്തു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്, കരിപ്പൂർ പൊലീസ് വിമാനത്താവളത്തിനു പുറത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ ഇസ്മായിലിനെയും കൊണ്ടുപോകാനെത്തിയ ഇക്ബാലിനെയും പിടികൂടി.ഇസ്മായിൽ ശരീരത്തിൽ രഹസ്യഭാഗത്തു സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന സൂചന സ്ഥിരീകരിക്കാൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ പരിശോധന നടത്തി. 4 ഉരുളകൾ കണ്ടെത്തി. പുറത്തെടുത്ത 870 ഗ്രാം മിശ്രിതത്തില്‍നിന്ന് 684.8 ഗ്രാം സ്വർണം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിന് ഏകദേശം 35 ലക്ഷം രൂപ വില കണക്കാക്കുന്നു.പിടിയിലായവരെയും സ്വര്‍ണവും കാറും തുടർ നടപടികൾക്കായി കസ്റ്റംസിനു കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. സിഐ സി.ഷിബു, എസ്ഐ അബ്ദുന്നാസർ പട്ടർകടവൻ, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സി.പി.മുഹമ്മദ് സാബിര്‍, അബ്ദുല്‍ സബൂര്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വർണം പിടികൂടിയത്






