spot_img
Saturday, April 19, 2025

ബി.ജെ.പി നേതാവ് അഹല്യ ശങ്കർ നിര്യാതയായി



കോഴിക്കോട്: മുതിർന്ന ബി.ജെ.പി നേതാവ് അഹല്യ ശങ്കർ (89) നിര്യാതയായി. വാർധക്യസഹജ അസുഖത്തെ തുടർന്ന് ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ മകൻ സലീലിന്റെ കുതിരവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ്, ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പില്‍ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളായി തലശ്ശേരിക്കടുത്ത് ന്യൂമാഹിയിലാണ് ജനനം. വെള്ളയില്‍ നാലുകുടിപറമ്പിൽ എൻ.പി. ശങ്കരനെ വിവാഹം കഴിച്ച് കോഴിക്കോട്ടെത്തിയതോടെയാണ് പൊതു രംഗത്തേക്ക് പ്രവേശിച്ചത്.

ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നപ്പോൾ അതിൽ മുഴുവൻ സമയവും പ​ങ്കെടുത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിൽ സജീവ സാന്നിധ്യമായി. 1980ല്‍ മുംബൈയില്‍ നടന്ന ബി.ജെ.പി രൂപവത്കരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള അപൂർവം വനിതാ പ്രതിനിധികളില്‍ ഒരാളാണ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിതയും അഹല്യയാണ്.1973ലും 1978ലും 2000ത്തിലും കോഴിക്കോട് കോർപറേഷനിലേക്കും 1982ലും 1987ലും ബേപ്പൂരിൽ നിന്നും, 1996ൽ കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. 1989ലും 1991ലും മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും പാര്‍ലമെന്റിലേക്കും ജനവിധി തേടി. തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ടശേഷവും ഏറെക്കാലം കോഴിക്കോടിന്റെ രാഷ്ട്രീയ, സാമൂഹിക, ആധ്യാത്മിക രംഗത്തും നിറസാന്നിധ്യമായിരുന്നു.

മക്കൾ: സലിൽ ശങ്കർ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എ.ജി.എം), ഷൈബിയ ശങ്കർ (റിട്ട. മാതൃഭൂമി ബുക്സ്റ്റാൾ), ഭഗത് സിങ്, സുർജിത്ത് സിങ്, രത്നസിങ്. മരുമക്കൾ: ബിന്ദു, രൂപ, ഷീന, ഡിനു ഭായ്. മൃതദേഹം ബി.ജെ.പി ജില്ല ഓഫിസിൽ പൊതുദർശനത്തിനുവെച്ച ശേഷം ഇന്നുച്ചയ്ക്ക് 12 മണിയോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കാരം നടത്തി. അഹല്യ ശങ്കറിന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles