അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബീഹാറിൽ നിന്നുള്ള നിതേഷ് കുമാർ (35) എന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസുമായുള്ള സംഘർഷത്തെത്തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ആണ് ഇയാൾ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കടുത്ത പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചത്.
കൊപ്പൽ ജില്ലയിൽനിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടർന്ന് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് പിടിയിലായതിന് പിന്നാലെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം കൊലപാതകക്കുറ്റത്തിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
ചില രേഖകൾ ശേഖരിക്കാനും ഐഡന്റിറ്റി പരിശോധിക്കാനും റിതേഷിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയപ്പോൾ പോലീസിന് നേരെ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചതായി ഹുബ്ബള്ളി പോലീസ് കമ്മീഷണർ ശശി കുമാർ പറഞ്ഞു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
മൂന്ന് മാസത്തോളമായി നിതേഷ് ഹുബ്ബള്ളിയിൽ താമസിക്കുന്നുണ്ടെന്നും വർഷങ്ങളായി വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും ലഭ്യമായിടത്തെല്ലാം ജോലിക്ക് പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. നഗരത്തിൽ നിർമ്മാണ സ്ഥലങ്ങളിലും ഹോട്ടലുകളിലും ജോലി ചെയ്തിരുന്നു.