spot_img
Saturday, April 19, 2025

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു



തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോര്‍ട്ട് തേടി വനം മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി പിക്നിക്ക് സ്പോട്ടിന് സമീപത്തുവെച്ചാണ് ഇന്നലെ വൈകിട്ടോടെ കാട്ടാന ആക്രമണം ഉണ്ടായത്.

ആദിവാസി ഉന്നതിയിലെ കുടുംബങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ ഇവിടെ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. വാഴ്ച്ചൽ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു കുടുംബത്തിലെ നാലംഗ സംഘമാണ് തേനെടുക്കാൻ പോയത്. ഇതിനിടെ സതീഷനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇതോടെ രക്ഷപ്പെടാൻ വേണ്ടി കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ ചാടി.

സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവരാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. രവിക്കും പരിക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിലേക്ക് ചാടിയ അംബിക മുങ്ങി മരിച്ചതാണെന്നാണ് സംശയിക്കുന്നത്. മഞ്ഞക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടുകൊമ്പൻ പ്രദേശത്ത് വരാറുണ്ടെന്നും ഇപ്പോള്‍ മദപ്പാടിലാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ്

വാഴച്ചാൽ ഉന്നതിയിലെ, സതീഷ്, അംബിക എന്നിവരടക്കമുള്ള സംഘം മൂന്ന് ദിവസമായി കാട്ടിനകത്തു കുടിൽ കെട്ടി തേൻ ശേഖരിച്ചുവരികയാരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചതിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ സതീശന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അംബികയുടെ മൃതദേഹം പൊലീസ് എത്തി പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷിച്ചുവരുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോർട്ടത്തിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles