* ഫാക്ടറി കത്തിച്ചത് സമരക്കാരല്ല, ലാത്തിച്ചാർജ്ജ് നടന്ന സമയം തന്നെ ഫാക്ടറിക്ക് തീവെച്ചതിൽ ദുരൂഹത, ഉടമകളുടെ പങ്ക് പരിശോധിക്കണം. സമരസമിതി
* വ്യവസായ സ്ഥാപനം തീയിട്ട് നശിപ്പിച്ചതിനെ അപലപിച്ചു.
താമരശ്ശേരി: ഫ്രഷ്കട്ട് സ്ഥാപനത്തിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ താമരശ്ശേരി പോലീസിനെ മർദിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
സംഘർഷത്തിനിടെ താമരശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) സായൂജ് കുമാറിനെയും, സബ് ഇൻസ്പെക്ടർ (എസ്.ഐ) വിഷ്ണുവിനെയും മർദ്ദിക്കുകയും, മാരകായുധങ്ങളുമായി വഴി തടസ്സപ്പെടുത്തുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
ഈ കേസിൽ ആകെ 321 പേർ പ്രതികളാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി. സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
* ഫാക്ടറി കത്തിച്ചത് സമരക്കാരല്ല, ലാത്തിച്ചാർജ്ജ് നടന്ന സമയം തന്നെ ഫാക്ടറിക്ക് തീവെച്ചതിൽ ദുരൂഹത, ഉടമകളുടെ പങ്ക് പരിശോധിക്കണം. സമരസമിതി
ഫാക്ടറിക്ക് തീവെച്ചതിൽ സമരസമിതിക്ക് പങ്കില്ലെന്ന് സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു വ്യക്തമാക്കി.
പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയ അതേ നിമിഷം തന്നെ ഫാക്ടറിയിൽ തീ വെപ്പ് ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നിൽ ഫാക്ടറി ഉടമകളുടെ ഗുണ്ടകളാണ് എന്ന് സംശയിക്കുന്നു.നിലവിൽ ഫാക്ടറിക്ക് പുറത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്, ഫാക്ടറിക്ക് അകത്തെ ദൃശ്യങ്ങളും പുറത്തു വിടാൻ തയ്യാറാവണം.
സമരസമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്, തീർത്തും ജനാധിപത്യ രൂപത്തിലാണ് സമരം മുന്നോട്ട് പോയത്. സമരം നടന്നന്ന സ്ഥലവും, ഫാക്ടറിയും തമ്മിൽ ഏറെ ദൂരമുണ്ട്, ഫാക്ടറിക്ക് പോലീസ് സംരക്ഷണവുമുണ്ട്, പിന്നെ എങ്ങിനെ അക്രമി സംഘം ഫാക്ടറിക്ക് അകത്തു കടന്നു എന്നതും ദുരൂഹമാണ്.
സമരം പൊളിക്കാനായി ഫാക്ടറി ഉടമകൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണോ തീവെപ്പ് ഉണ്ടായതെന്ന് എന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
* വ്യവസായ സ്ഥാപനം തീയിട്ട് നശിപ്പിച്ചതിനെ അപലപിച്ചു.
ഏതെല്ലാം വിധത്തിലുള്ള എതിർപ്പുകൾ ഉണ്ടെങ്കിലും ഒരു വ്യവസായ സ്ഥാപനത്തെ അഗ്നിക്കിരയാക്കി നശിപ്പിക്കുന്ന നടപടി അപലപനീയമാണെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ലാ പ്രസിഡൻ്റ് അജു എമ്മാനുവൽ പ്രസ്താവിച്ചു.
കോഴിക്കോട് ജില്ലയെ മാലിന്യ വിമുക്തമായി പരിരക്ഷിക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ് ജില്ലയിൽ അത്യാവശ്യമായ ഒരു പ്രസ്ഥാനമാണ്. അതിൻ്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവയെ നിയമപരമായ മാർഗ്ഗത്തിൽ പരിഹരിച്ച് മുന്നോട്ട് നീങ്ങുകയാണ് വേണ്ടത് എന്നും പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം നശിപ്പിക്കുവാനുള്ള വിവിധ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണോ ഈ അക്രമ സംഭവങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അറിയിച്ചു. പൊതു ജനങ്ങളെ മറയാക്കി നിറുത്തി ഒളിവിലിരുന്നു പ്രവർത്തിക്കുന്ന ചില ക്ഷുദ്ര ശക്തികളാണ് ഈ അതിക്രമങ്ങൾക്ക് പുറകിൽ എന്നാണ് പോലീസ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം ദേശവിരുദ്ധ ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണം.
ആയിരത്തി എണ്ണൂറോളം ഏക്കർ എസ്റ്റേറ്റിന് ഉള്ളിൽ, ജനവാസ മേഖലയിൽ നിന്നും അര കിലോമീറ്ററോളം ആകാശദൂരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഉന്നത നിലവാരമുള്ള സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശപ്രകാരം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരവും മലിനീകരണ നിയന്ത്രണ നിയമപ്രകാരവും, ഫ്രീസർ സംവിധാനമുള്ള വാഹനങ്ങളിലാണ് മാലിന്യം ശേഖരിച്ച് പ്ലാന്റിലേക്ക് കൊണ്ടുവരുന്നത്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന ഭരണകൂടം കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതാണ്. ഇനിയും കൂടുതൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ അവ കണ്ടെത്തി, തെളിയിച്ച് , നിയമ വഴിയിലൂടെ അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
അതോടൊപ്പം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ സ്ഥല സൗകര്യം ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിച്ച് താമരശ്ശേരിയിലെ പ്ലാൻ്റിന്റെ സംസ്കരണ ഭാരം കുറയ്ക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതാണ്.






