തൃശൂർ: തൃശൂരെന്നാൽ പൂരാവേശമാണ്. ഓരോ കോണിലും പൂരത്തിന്റെയും കലയുടേയും താളമുണ്ട്. കേരള സ്കൂൾ കലോത്സവം കുട്ടിക്കലകളുടെ വലിയ പൂരമാണ്. ഏഷ്യയിലെ വലിയ കലാ മാമാങ്കത്തിന് തൃശൂർ വേദിയാകുമ്പോൾ നാടിന്റെ താളവും തനിമയും ഒത്തുചേർന്ന പാട്ടിൽ, കലാകാരന്മാർ ചുവടുവയ്‌ക്കുകയാണ്. കലോത്സവത്തിന്റെ പ്രധാന വേദിയായ സൂര്യകാന്തിയിലെത്തിയവർക്ക് കുടമാറ്റവും മേളപ്പെരുപ്പവും തൃശൂർ പൂരത്തിന്റെ ആവേശമായി.കലാമാമാങ്കത്തിന് മിനി പൂരത്തോടെയാണ് തൃശൂരിൽ തുടക്കം കുറിച്ചത്.
തിരുവമ്പാടി പാറമേക്കാവ് പ്രമാണിമാർ നേതൃത്വം നൽകിയ മേളം മിനി പൂരത്തിന്റെ ഭാഗമായി. ഇലഞ്ഞിത്തറമേളത്തിന് സമാനമായ പാണ്ടിമേളം തേക്കിന്‍കാട് മൈതാനിയില്‍ പൂരപ്രേമികള്‍ സന്തോഷത്തോടെ ആസ്വദിച്ചു. കലോത്സവത്തിന്റെ ഭാഗമായി പൂരങ്ങളുടെ നാട്ടിലെത്തുന്ന മറ്റുജില്ലക്കാര്‍ക്ക് തൃശൂരിന്റെ മിനി പൂരക്കാഴ്ച ഒരു അത്ഭുതം തന്നെയായിരുന്നു.ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒമ്പതിന് പ്രധാനവേദിയായ സൂര്യകാന്തിക്ക് (തേക്കിന്‍ക്കാട് മൈതാനി എക്സിബിഷന്‍ ഗ്രൗണ്ട്) സമീപം അരങ്ങേറിയ പാണ്ടിമേളത്തിൽ നൂറിലധികം കലാകാരന്മാര്‍ അണിനിരന്നു.
ഒരു മണിക്കൂർ നീണ്ടുനിന്ന മേള ലഹരിയിൽ തേക്കിൻകാട് മൈതാനി പൂരലഹരിയിലായി. തൃശൂർ പൂരത്തിലെ പ്രമുഖരായ കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശേരി കുട്ടൻ മാരാർ എന്നിവർ മേളത്തിന് സംയുക്തമായി നേതൃത്വം നൽകി.ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ, തിരുവമ്പാടി മേള പ്രമാണി ചെറുശേരി കുട്ടൻ മാരാർ എന്നിവർക്കൊപ്പം വാദ്യലോകത്തെ പ്രമുഖരും അണിനിരന്നു. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, താളത്തിന് ഏഷ്യാഡ് ശശി, കൊമ്പിന് മച്ചാട് മണികണ്ഠൻ, കുഴലിന് വെളപ്പായ നന്ദനും പ്രമാണിമാരായി. 64-ാം സ്കൂള്‍ കലോത്സവത്തിന്റെ പ്രതീകമായി 64 വര്‍ണക്കുടകളോടെയുള്ള കുടമാറ്റവും നടന്നു. തങ്ങളുടെ പൂരപെരുമയെ മറ്റു ജില്ലകൾക്കുകൂടി അനുഭവേദ്യമാക്കൻ കഴിഞ്ഞുവെന്ന ഗരിമയിലാണ് തൃശൂർകാർ. ഇനി അഞ്ചുനാൾ പൂരത്തിന്റെ ആവേശത്തിലാണ് തൃശൂര്‍.






