spot_img
Wednesday, August 5, 2026

ഓണം കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.



ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്.യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതൽ സെപ്റ്റംബർ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19 മുതൽ സെപ്റ്റംബർ രണ്ട് വരെയുമാണ് പ്രത്യേക സർവീസുകൾ ഉള്ളത്.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എട്ടും കണ്ണൂരിലേക്ക് നാലും എറണാകുളത്തേക്ക് നാലും തൃശൂരിലേക്ക് മൂന്നും കോട്ടയത്തേക്ക് രണ്ടും ബസുകൾ സർവീസ് നടത്തും. ഇതിനുപുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ബെംഗളൂരുവിൽ നിന്ന് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളും സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എ.സിയുമാണ് സർവീസ് നടത്തുക.

ഈ നഗരങ്ങളിൽ നിന്ന് തിരികെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.എല്ലാ പ്രത്യേക ബസുകൾക്കും ഓൺലൈൻ വഴി ടിക്കറ്റെടുക്കാം. യാത്രികർക്ക് www.keralartc.com എന്ന വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടാകും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ ടിക്കറ്റുകൾ റിസർവ് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അഭ്യർഥിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles