കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് ‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’, എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് സോഷ്യൽ മീഡിയകളിൽ വൻ കോലാഹനം സൃഷ്ടിച്ചത്.
ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ചതായും തങ്ങൾക്കിടയിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന താൻ, പ്രിയപ്പെട്ട നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ സാന്നിധ്യം രാഷ്ട്രീയമായ മറ്റൊരു നിലയിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് റഫീഖ് വിശദീകരിച്ചു. ഇക്കാര്യം മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ ചില മാധ്യമങ്ങളും സൈബർ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. സർക്കാരിന്‍റെ ഇച്ഛാശക്തിയിൽ ഉയർന്നുവന്ന മാതൃകാപരമായ ഈ ടൗൺഷിപ്പിന്‍റെ തിളക്കം ഇത്തരം വിവാദങ്ങൾ മൂലം കുറഞ്ഞുപോകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.കെ റഫീക്കിന്‍റെ കുറിപ്പ് വായിക്കാംമലയാളത്തിന്‍റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.






