ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പോക്കറ്റില്‍ ഒരു ഉള്ളി കരുതിയാല്‍ മതിയെന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിചിത്ര പ്രസ്താവനയ്ക്ക് പിന്നാലെ ‘ചൂടുപിടിച്ച’ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഉത്തരേന്ത്യ കഠിനമായ ഉഷ്ണതരംഗത്തിൽ ഉരുകുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ സയൻസ് ക്ലാസ്.ജനങ്ങള്‍ ചൂടിനെ നേരിടാന്‍ തന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. അതിന് മറുപടിയായി ഉള്ളി പോക്കറ്റില്‍ കരുതുകയെന്ന സന്ദേശമാണ് താന്‍ നല്‍കാറാണ്. എസി താന്‍ ഉപയോഗിക്കാറില്ലെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.ചൂടിൽ നിന്ന് ഉള്ളി സംരക്ഷിക്കുമോ?
ഇന്നലെ സോഷ്യൽ മീഡിയ തിരഞ്ഞത് ചൂടിൽ നിന്ന് ഉള്ളി സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു. ഇതിന് പിന്നാലെ കഠിനമായ ഉഷ്ണതരംഗത്തെ പ്രതിരോധിക്കാൻ ഉള്ളി കയ്യിൽ കരുതുന്നത് ഗുണം ചെയ്യുമെന്ന വാദത്തിൻ്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ധർ.ഉള്ളി കയ്യിൽ വെച്ചാൽ അത് ശരീരത്തിലെ ചൂട് വലിച്ചെടുക്കുമെന്ന ധാരണയ്ക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരം നാട്ടുവിദ്യകളിൽ വിശ്വസിച്ച് ഉഷ്ണതരംഗ സമയത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരിക്കുന്നത് അപകടമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇത് പ്രചാരത്തിലുള്ള ഒരു വീട്ടുചികിത്സയാണെങ്കിലും, ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ഡോക്ടർമാർ കൂട്ടിചേർക്കുന്നു.
ഉള്ളിയിൽ ജലാംശം, ആന്റിഓക്‌സിഡന്റുകൾ, ജലാംശം നിലനിർത്താൻ സഹായിക്കുന്ന സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇവ പുറമെ ഉപയോഗിക്കുന്നത് കൊണ്ട് ശാരീരികമായി ഒരു ഗുണവുമില്ല. “ശരീരത്തിന് പുറത്ത് കേവലം ഒരു ഉള്ളി കൊണ്ടുനടക്കുന്നത് ശരീരതാപനിലയെ സ്വാധീനിക്കുകയോ ചൂട് മൂലമുള്ള അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയോ ചെയ്യില്ല. നമ്മുടെ ചർമ്മം ഒരു പ്രതിരോധ കവചമായി പ്രവർത്തിക്കുന്നതിനാൽ, ശരീരത്തിൽ നിന്നുള്ള ‘ചൂട് വലിച്ചെടുക്കാൻ’ ഉള്ളിക്ക് പ്രത്യേകിച്ച് മറ്റ് സംവിധാനങ്ങളൊന്നുമില്ല,” അവർ പറയുന്നു.ക്വെർസെറ്റിൻ , സൾഫർ സംയുക്തങ്ങൾ എന്നിവ ശരീരത്തിലെ ചൂട് നിയന്ത്രിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. കൂടാതെ ഉള്ളി ഒരു സ്വാഭാവിക കൂളന്റായി പ്രവർത്തിക്കുന്നതിനാൽ വേനൽക്കാലത്ത് സാലഡുകളിലും മറ്റും ഇത് ഉൾപ്പെടുത്തുന്നത് ഉന്മേഷം നൽകും. എന്നാൽ കയ്യിൽ ഉള്ളി കൊണ്ടുനടന്നതുകൊണ്ട് മാത്രം സൂര്യാഘാതത്തിൽ നിന്ന് രക്ഷപെടാൻ കഴിയില്ല.
ഉഷ്ണതരംഗത്തെ നേരിടാൻ കൃത്യമായ ശാസ്ത്രീയ മാർഗങ്ങൾ പിന്തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ധാരാളം വെള്ളം കുടിക്കുക, ഒആർഎസ് ലായനികൾ ഉപയോഗിക്കുക, അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവയാണ് ഫലപ്രദമായ രീതികൾ. ഉള്ളി മുറിച്ച് മുറിക്കുള്ളിൽ വെക്കുന്നത് വായുവിലെ അണുക്കളെ നശിപ്പിക്കുമെന്ന പ്രചാരണവും തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അന്ധവിശ്വാസങ്ങളിൽ വീഴാതെ ആരോഗ്യപരമായ മുൻകരുതലുകൾ എടുക്കുന്നതിലാണ് കാര്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് ഉഷ്ണതരംഗങ്ങൾ അപകടകരമാകുന്നു?
നമ്മുടെ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനത്തെ തകരാറിലാക്കാൻ ഉഷ്ണതരംഗങ്ങൾക്ക് സാധിക്കും. ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തിൽ, ഉയർന്ന താപനിലയിൽ ദീർഘനേരം കഴിയുന്നതും അതോടൊപ്പം ശരീരത്തിലെ ജലാംശം കുറയുന്നതും (dehydration) ഹീറ്റ് എക്‌സോഷൻ (heat exhaustion) അല്ലെങ്കിൽ ഹീറ്റ് സ്ട്രോക്ക് (heatstroke) എന്നിവയ്ക്ക് കാരണമാകും.ലക്ഷണങ്ങൾ: ശരീരതാപനില ഉയരുക (40 ഡിഗ്രി സെൽഷ്യസിനു മുകളിൽ), തലകറക്കവും ആശയക്കുഴപ്പവും, ഹൃദയമിടിപ്പ് വർധിക്കുക, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ബോധക്ഷയം ഇവയ്ക്ക് അടിയന്തിര ചികിത്സ ആവശ്യമാണ്.






