തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂണ്‍ ഒന്‍പത് വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ കാലയളവില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങള്‍ക്കൊപ്പം അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും വിവിധ ഭാഗങ്ങളിലും മോശം കാലാവസ്ഥ തുടരാനിടയുണ്ട്.
സൊമാലിയ, ഒമാന്‍ തീരങ്ങള്‍, മധ്യതെക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി മേഖല, തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരം, ഒഡിഷ-പശ്ചിമ ബംഗാള്‍ തീരങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മല്‍സ്യത്തൊഴിലാളികളും ചെറുകിട ബോട്ടുടമകളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടലില്‍ പോയിട്ടുള്ളവര്‍ സുരക്ഷിത തുറമുഖങ്ങളിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വം പിന്തുടരണമെന്നും പുതിയ അറിയിപ്പുകള്‍ക്കനുസരിച്ച് യാത്രകളും മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങളും ക്രമീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.






