*തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്റെ തീയതികളും ജൂലായ് ആദ്യവാരം നടക്കുന്ന താരലേലത്തിന്റെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളുടെയും വന്‍ വിജയത്തിന് പിന്നാലെ, കൂടുതല്‍ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
മുന്‍ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എന്നീ ആറ് കരുത്തരായ ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി കളം നിറയുക. രാജ്യത്തെ മുന്‍നിര പ്രാദേശിക ടി20 ലീഗുകളിലൊന്നായി കെ.സി.എല്‍ അതിവേഗം മാറിയെന്നും, സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്നും കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ വ്യക്തമാക്കി.
യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കുമുള്ള വഴിതുറക്കാന്‍ കെ.സി.എല്‍ വലിയൊരു പാലമായി മാറുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ കെ.സി.എ ട്രഷറര്‍ അജിത്ത് കുമാര്‍, ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, ഗവേണിംഗ്കൗണ്‍സില്‍ മെമ്പര്‍ നവാസ് പി.ജെ, സി.ഇ.ഓ/സി.എഫ്.ഓ മിനു ചിദംബരം, കെ.സി.എല്‍ ഡയറക്ടര്‍ രാജേഷ് തമ്പി എന്നിവരും പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നവീകരണം, സുരക്ഷാ ക്രമീകരണങ്ങള്‍, തത്സമയ സംപ്രേഷണം എന്നിവയോടെ മൂന്നാം സീസണ്‍ ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
രാജ്യത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നായി കെ.സി.എല്‍ ഇതിനകം മാറിക്കഴിഞ്ഞു. രണ്ടാം സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍കോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തി നാല്പതിനായിരം പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിന് (ഠചജഘ) കഴിഞ്ഞ വര്‍ഷം രണ്ട് കോടി അന്‍പത്തി നാലായിരം കാഴ്ചക്കാരും, കര്‍ണാടകയുടെ മഹാരാജ പ്രീമിയര്‍ ലീഗിന് രണ്ട് കോടി പത്ത് ലക്ഷം കാഴ്ചക്കാരും മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഈ വന്‍ കുതിപ്പ്.






