കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചതോടെ രോഗി പോയ സ്ഥലങ്ങൾ, ചികിത്സ തേടിയ സ്ഥലങ്ങൾ തുടങ്ങിയവയുടെ പട്ടിക തയാറാക്കിത്തുടങ്ങി. സോപ്പ് ലായനി ഡീലറായ 43 വയസ്സുള്ള യുവാവിനാണ് ഇപ്പോൾ നിപ്പ ബാധിച്ചത്.ഇദ്ദേഹത്തിന്റെ കാരാടുള്ള ഗോഡൗൺ ഏറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ശുചിയാക്കാനായി മേയ് 24ന് ഡീലറും സുഹൃത്തും ചേർന്ന് ഗോഡൗൺ തുറന്നു. ഇവിടെ വവ്വാലുകളുടെ വിസർജ്യം ഉണ്ടായിരുന്നതായി പറയുന്നു.
ഗോഡൗൺ ശുചീകരണത്തിനു ശേഷം കടുത്ത പനിയുണ്ടായി. രണ്ടു ദിവസം ഫറോക്ക് ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പനി കൂടിയതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുടുംബാംഗങ്ങളിൽ ആർക്കും രോഗ ലക്ഷണമില്ല. സമ്പർക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.ജില്ലയിൽ 2018 മേയിൽ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് ആദ്യം നിപ്പ സ്ഥിരീകരിച്ചത്.
ഒരു കുടുംബത്തിലെ 3 പേരും ഇവരെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയുമാണ് ആദ്യം മരിച്ചത്.ആ വർഷം കോഴിക്കോട്– മലപ്പുറം ജില്ലകളിലായി 17 പേർ നിപ്പ പിടിപെട്ടു മരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇതുവരെ 22 പേരാണു നിപ്പ ബാധിച്ചു മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡാണ് വീണ്ടും നിപ്പ ഐസലേഷൻ വാർഡായി ഉപയോഗിക്കുന്നത്. നിപ്പ രോഗികളുടെ സാംപിൾ പരിശോധനയ്ക്കായി നേരത്തെ പുണെയിലേക്കു മാത്രം അയയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ, പിന്നീട് മെഡിക്കൽ കോളജ് വിആർഡിഎൽ ലാബിൽ കൂടി പരിശോധനയ്ക്കു സൗകര്യം ഏർപ്പെടുത്തിയതോടെ ഔദ്യോഗിക സ്ഥിരീകരണത്തിനു മാത്രം പുണെയിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്.നേരത്തെ നിപ്പ സാംപിൾ പരിശോധനയുടെ ഭാഗമായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലാബ് മെഡിക്കൽ കോളജിലും മലപ്പുറത്തും എത്തിച്ചിരുന്നു. നിപ്പബാധിത പ്രദേശങ്ങളിൽ വവ്വാലുകളുടെ സാന്ദ്രത കൂടുതലെന്നു കേന്ദ്രസംഘം നിരീക്ഷിച്ചിരുന്നു.






