പുൽമൈതാനങ്ങളെ തീപിടിപ്പിക്കുന്ന ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി ലോകം. ഇത്തവണ മൂന്ന് രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളാണ് വേദിയാകുക. മാത്രമല്ല, ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ആകെയുള്ള 12 ഗ്രൂപ്പുകളിലായി ആകെ 104 മത്സരങ്ങൾ ഈ ലോകകപ്പിൽ അരങ്ങേറും. ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ (ഗ്രൂപ്പ് എ) നേരിടും. ഇന്ത്യൻ സമയം ജൂൺ 12 പുലർച്ചെ 12:30-നാണ് മത്സരം ആരംഭിക്കുക. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്ടെക്കയ്ക്ക് സ്വന്തമാകും. കിരീടം നിലർത്താൻ ചാമ്പ്യന്മാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പടനായകനായി കപ്പടിക്കാനാണ് പോർച്ചുഗല്‍ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തില്‍ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്നും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലില്‍ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി.
അങ്ങനെ വമ്പന്മാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.ജൂൺ 11 – 27 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക. റൗണ്ട് ഓഫ് 32 മത്സരങ്ങൾ ജൂൺ 28 മുതൽ ജൂലൈ 3 വരെ നടക്കും. പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ജൂലൈ 4 മുതൽ 7 വരെയും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 9 മുതൽ 11 വരെയുമാണ് നടക്കുക. ജൂലൈ 14 – 15 തീയതികളിലായാണ് സെമി ഫൈനൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനൽ ജൂലൈ 18ന് നടക്കും. ജൂലൈ 19നാണ് കലാശപ്പോരാട്ടം നടക്കുക.






