കോഴിക്കോട് : മാനാഞ്ചിറ – മലാപ്പറമ്പ് – വെള്ളിമാടുകുന്ന് റോഡിന്റെ മീഡിയൻ നിർമാണത്തിലടക്കം ഒട്ടേറെ ഗുരുതര പ്രശ്നങ്ങൾ ഉള്ളതായി കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യത്തെ കോഓർഡിനേറ്ററും പൊതുമരാമത്തു വകുപ്പിലെ മുൻ സൂപ്രണ്ടിങ് എൻജിനീയറുമായ സാബു കെ.ഫിലിപ്. റോഡിന്റെ തൽസ്ഥിതിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനത്തിലെ കണ്ടെത്തലുകളുടെ അവസാന ഭാഗം.∙ എരഞ്ഞിപ്പാലം സരോവരം റോഡ് ജംക്‌ഷനും പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ ഓഫിസിനും ഇടയിൽ മീഡിയനിൽ വളവുകളുടെ എണ്ണം കുടുതലാണ്.
സർക്കാർ അംഗീകരിച്ച ലാൻഡ് അക്വസിഷൻ പ്ലാനിൽ മീഡിയനിൽ നേരിയ വളവു മാത്രമാണു നിർദേശിച്ചിരുന്നത്. അതു പ്രകാരം ഭൂമി ഏറ്റെടുക്കുകയും ചെയ്തതാണ്. മീഡിയനിലെ ഇപ്പോൾ നിർമിച്ച അധിക വളവുകൾ വാഹനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.∙ കാൽനടക്കാർക്കു റോഡ് മുറിച്ചു കടക്കേണ്ട സ്ഥലങ്ങളിൽ മീഡിയന്റെ ഉയരം കുറച്ചില്ല. ഫോം വർക്ക് ഉപയോഗിക്കാതെയാണ് മീഡിയന്റെ അവസാന ഭാഗങ്ങൾ നിർമിച്ചത്. മീഡിയന്റെ ഉയരം പല ഭാഗത്തും പല തരത്തിലാണ്.എരഞ്ഞിപ്പാലത്ത് ഫ്ലൈഓവർ അത്യാവശ്യമാണ്.
കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മലാപ്പറമ്പിലെ സ്ഥിതി മാറണം. നല്ലൊരു ട്രാഫിക് കൺസൽറ്റൻസിയെ വച്ച്, മലാപ്പറമ്പ് ജംക്‌ഷനിൽ ട്രാഫിക് പരിഷ്കരണം അത്യാവശ്യമാണ്.∙ 2 മീറ്റർ വീതിയുള്ള മീഡിയനിൽ പൂച്ചെടികൾ വച്ചു പരിപാലിക്കാനായിരുന്നു അന്നത്തെ പദ്ധതി. പഴയ റോഡിൽ നിന്നു കോരിയെടുത്ത ടാറിങ്ങും കോൺക്രീറ്റും അടക്കമുള്ള അവശിഷ്ടങ്ങളും മണ്ണുമടക്കമുള്ള മാലിന്യങ്ങളാണ് ഇപ്പോൾ ഇതിൽ തള്ളിയത്. ചെടികൾ നനയ്ക്കാനുള്ള സംവിധാനമില്ല.∙ പല ഭാഗത്തും കോൺക്രീറ്റ്, ടാർ, മണ്ണ് എന്നിവ ഡക്ടിലും ഓടയിലും വീണു കിടക്കുന്നുണ്ട്. ഇതു നീക്കാതെയാണു കോൺക്രീറ്റ് സ്ലാബുകൾ നിരത്തി ഡക്ടും ഓടയും മൂടുന്നത്.∙
മാനാഞ്ചിറ എസ്ബിഐ കോംപൗണ്ടിൽ നിന്നും എരഞ്ഞിപ്പാലം ജംക്‌ഷനു സമീപത്തും വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ 15 വർഷത്തോളം റവന്യു വകുപ്പോ പൊതുമരാമത്തു വകുപ്പോ വേണ്ടത്ര നടപടികളെടുത്തില്ല.∙ 2006ൽ എരഞ്ഞിപ്പാലം ജംക്‌ഷൻ വീതി കൂട്ടിയപ്പോൾ പത്തോളം ബങ്കുകൾ നിർമിച്ച്, താൽക്കാലിക കച്ചവടത്തിന് അനുമതി നൽകിയിരുന്നു. ഈ ബങ്കുകൾ മാറ്റിയാൽ മാത്രമേ അവിടെ ബസ് ബേയും ഓവുചാലും നിർമിക്കാൻ പറ്റൂ.∙ഓടയിൽ നിന്നു മഴവെള്ളം കൃത്യമായി പുറത്തേക്ക് ഒഴുകുന്നതിനു നടപടി എടുക്കണം. മലാപ്പറമ്പിൽ അടക്കം, ചില ജംക്‌ഷനുകളിൽ ഓടകളിൽ വെള്ളം കെട്ടിക്കിടക്കുന്നു.
റോഡിൽ നിന്ന് ഓടയിലേക്കു മഴവെള്ളം ഒഴുകിയിറങ്ങുന്നതിനു ഗ്രേറ്റിങ് വച്ച് ദ്വാരങ്ങൾ ഇട്ടിട്ടില്ല.∙റോഡിന് ഇരുവശവും ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിനുള്ള മെയിൻ പൈപ് ലൈൻ ഇട്ട ശേഷം കൃത്യമായി ബലപ്പെടുത്തിയിട്ടല്ല റോഡ് നിർമിച്ചത്. മഴക്കാലത്തു ഈ ഭാഗങ്ങൾ താഴ്ന്നു റോഡിനു കേടുപാടുണ്ടാകൻ സാധ്യതയുണ്ട്.∙ പുതിയതായി നിർമിച്ച ബസ് ബേകളിലല്ല ബസുകൾ നിർത്തുന്നത്. മലാപ്പറമ്പിൽ ഇഖ്റ ഹോസ്പിറ്റലിനു അടുത്ത് നിർമിച്ച ബസ് ബേയിൽ ബസുകൾ നിർത്തുന്നില്ല. ആശുപത്രിക്കു സമീപം ബസുകൾ നിർത്തുന്നതു ഗതാഗത തടസ്സമുണ്ടാക്കുന്നു.∙ മാനാഞ്ചിറയ്ക്കും മലാപ്പറമ്പിനും ഇടയിൽ റോഡിലെ പാർക്കിങ് ഗതാഗത തടസ്സമുണ്ടാക്കുന്നു.ഗതാഗത വികസനത്തിൽ ശ്രദ്ധിക്കാൻ∙
ഗുണനിലവാരത്തോടുകൂടിയ റോഡ് നിർമിക്കുന്നതിന് എൻജിനീയറിങ് ടീമിനെ കേരള റോഡ് ഫണ്ട് ബോർഡോ പൊതുമരാമത്തു വകുപ്പോ ചുമതലപ്പെടുത്തണം.∙ പാറോപ്പടിയിൽ ചേവായൂർ സഹകരണ ബാങ്കിന്റെ മുൻവശം കൂട്ടിയിട്ട കോൺക്രീറ്റ് അടക്കമുള്ള മാലിന്യം മാറ്റി നല്ല മണ്ണിട്ട് ബലപ്പെടുത്തി റോഡ് നിർമിക്കണം.∙ മലാപ്പറമ്പ് ദേശദ്ധാരണി വായനശാലയ്ക്കു സമീപം കള്ളുഷാപ്പ് മുതൽ പാറോപ്പടി ജംക്‌ഷൻ വരെ റോഡിന്റെ ഇടതുഭാഗത്തു സർവീസ് റോഡ് നിർമിക്കണം.






