വടകര : ഏറെ ചർച്ചയായ വടകര എംഡിഎംഎ കേസിൽ സ്കൂൾ വിദ്യാർഥികൾ ഇരകൾ ആയിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് അധ്യാപികമാർ ഉൾപ്പെടെ അഞ്ചു പേർ ഇതിനകം അറസ്റ്റിലായ കേസിൽ കൂടുതൽ പേർ പിടിയിൽ ആകുമെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയാണ് അധ്യാപികമാരുടെ അക്കൗണ്ടുകളിൽ എത്തിയതെന്നും ഇതേക്കുറിച്ചു വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചെറുതും വലുതുമായ ഒട്ടേറെ ഇടപാടുകളാണ് അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നടന്നതായി കണ്ടെത്തിയത്. ബിആർസിയിൽ(ബ്ലോക്ക് റിസോഴ്സ് സെന്റർ) നിന്നുള്ള ശമ്പളം അല്ലാതെ മറ്റു വരുമാനം ഇല്ലാത്ത അധ്യാപകരുടെ അക്കൗണ്ടുകളിലാണ് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നത്. ആരാണ്, എന്തിനാണ് ഈ തുകകൾ അയച്ചതെന്ന വിവരം പരിശോധിച്ചു വരികയാണ്.
അധ്യാപികമാർ ഇടനിലക്കാർ ആണോ അതോ കുറ്റകൃത്യവുമായി നേരിട്ടു ബന്ധമുള്ളവർ ആണോ എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കേസിൽ പിടിയിലായ ഡെലിവറി ബോയ് ആയി പ്രവർത്തിക്കുന്ന യുവാവ് മാത്രം ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടത്തിയതായി വ്യക്തമായി. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടുകൾ വിലയിരുത്തി നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻടിപിഎസ്)ആക്‌ടിന്റെ കീഴിൽ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിഐജി പറഞ്ഞു.ആറു മാസത്തെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോൾ തന്നെ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടാണ് നടന്നതെന്നു കണ്ടെത്തി. രണ്ടു ഗ്രാം എംഡിഎംഎ മാത്രം പിടിച്ചെടുത്ത കേസിൽ നിന്നുള്ള അന്വേഷണമാണ് ഇത്ര വിപുലമായ ഒരു കേസിലേക്ക് എത്തിയത്. ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ ശേഷം ചെറിയ കേസുകൾ പോലും വളരെ ഗൗരവത്തിൽ വിലയിരുത്തുന്നതായും അതാണ് ഇത്തരത്തിൽ ലഹരി ശൃംഖലകളുടെ വിവരങ്ങളിലേക്കും എത്താൻ സഹായകരമായതെന്നും ഡിഐജി പറഞ്ഞു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് 180 ദിവസം വരെ ലഭിക്കാറുണ്ട്. സാമ്പത്തിക ഇടപാടുകൾ വിലയിരുത്തുന്നതിന് കൂടുതൽ സമയം വേണ്ടിവരും എന്നതിനാലാണ് ഇത്. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. തുടർ അന്വേഷണത്തിൽ പ്രതികളുടെ മറ്റു സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തി നിയമനടപടി സ്വീകരിക്കും. പിടിയിലായ ചില പ്രതികൾ ചില വിദേശ നമ്പരുകളിൽ ബന്ധപ്പെട്ടതായും സൂചനയുണ്ട്. ആവശ്യമെങ്കിൽ ഈ നമ്പരുകൾ ഉപയോഗിച്ചവരെയും നാട്ടിലെത്തിച്ച് നടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് അധ്യാപികമാർ ലഹരിമരുന്നു നൽകിയതായി രക്ഷിതാക്കളിൽനിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്പി മെറിൻ ജോസഫും വെളിപ്പെടുത്തി.കഴിഞ്ഞ മാസം 28 ന് ഓട്ടോറിക്ഷ ഓടിക്കുന്ന സഫ്‌വാനിൽ നിന്ന് 2 ഗ്രാം എംഡിഎംഎ പിടികൂടിയതിനു പിന്നാലെയാണ് കേസിൽ മറ്റുള്ളവരുടെ അറസ്റ്റ് ഉണ്ടായത്. കീർത്തന, കാവ്യ എന്നീ അധ്യാപികമാർ പിടിയിലായ ശേഷം ചൊവ്വാഴ്ച പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ നീഷ്മ (30), വടകരയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) എന്നിവരും പിടിയിൽ ആയിരുന്നു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 6 മാസത്തിനിടെ 9 ലക്ഷം രൂപയും നീഷ്മയുെട അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടും നടന്നതായാണ് കണ്ടെത്തിയത്. അറസ്റ്റിലായ അധ്യാപികമാരിൽ കീർത്തന നടത്തിവന്ന ബൺ മസ്ക വിൽപനയുടെ ഭാഗമായും ലഹരി വിൽപന നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.






