spot_img
Saturday, June 13, 2026

പ്രിയദർശിനി’ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി;തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന് അധികൃതർ.



തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ കൃത്യമായ മാനദണ്ഡങ്ങളും കൂടുതൽ വിശദാംശങ്ങളും ഗതാഗത വകുപ്പ് പുറത്തുവിട്ടു. സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്ന 3,290 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നത്.

സാധാരണ ഓർഡിനറി നിരക്ക് ഈടാക്കുന്ന എല്ലാ കെഎസ്ആർടിസി സർവീസുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും. ഓർഡിനറി ബസുകൾ താരതമ്യേന കുറവുള്ള മലബാർ മേഖലയിലെ യാത്രക്കാരെ പരിഗണിച്ച് അവിടുത്തെ ടൗൺ ടു ടൗൺ സർവീസുകളിലും ഈ ഇളവ് അനുവദിച്ചിട്ടുണ്ട്.കൂടാതെ ഇടുക്കി, എറണാകുളം ജില്ലകളിലെ ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും, മറ്റ് ജില്ലകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും വനിതകൾക്ക് സൌജന്യ യാത്ര നടത്താം.

യാത്ര ചെയ്യുന്നതിനായി വനിതകൾ പ്രത്യേക തിരിച്ചറിയൽ കാർഡുകളോ മറ്റ് രേഖകളോ കണ്ടക്ടറെ കാണിക്കേണ്ടതില്ലെന്നത് വലിയ ആശ്വാസമാകും. സ്കൂൾ വിദ്യാർത്ഥിനികൾക്ക് കെഎസ്ആർടിസി യാത്രാ ആനുകൂല്യത്തിനായി സാധാരണയായി നൽകേണ്ടി വരാറുള്ള കൺസെഷൻ കാർഡും ഇനി മുതൽ ആവശ്യമില്ല.യാത്രക്കാർക്ക് ആശയക്കുഴപ്പമില്ലാതെ സൗജന്യ യാത്ര ലഭിക്കുന്ന ബസുകൾ തിരിച്ചറിയുന്നതിനായി, ഇത്തരം ബസുകളുടെ വാതിലുകളിൽ ‘പ്രിയദർശിനി’ എന്ന പേരിലുള്ള പ്രത്യേക സ്റ്റിക്കറുകൾ പതിക്കാൻ കെഎസ്ആർടിസി നടപടി ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലുള്ള വനിതകൾക്ക് പുറമെ വിനോദസഞ്ചാരത്തിനോ ജോലിക്കായോ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന സ്ത്രീകൾക്കും ഈ ആനുകൂല്യം പൂർണ്ണമായും ലഭ്യമാകും. ഒപ്പം സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles