spot_img
Sunday, June 21, 2026

മോഷ്ടിച്ച പണവുമായി ഗോവയിലും നേപ്പാളിലും ‘ഉല്ലാസയാത്ര’; കുപ്രസിദ്ധ മോഷ്ടാവ് വാക്കയില്‍ അക്ബര്‍ അറസ്റ്റില്‍.



മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബര്‍ ( 56) അറസ്റ്റില്‍. നിലമ്പൂര്‍ രാമം കുത്തുള്ള വീട് കുത്തിപ്പൊളിച്ച് അകത്തു കയറി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് ഇയാളെ നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു BS ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂണ്‍ 5ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാമംകുത്ത് സ്വദേശിനി അക്കരെ പീടിക റുഖിയയുടെ വീടിന്റെ പുന്നിലെ വാതില്‍ പൊളിച്ച് അകത്തു കയറിയ പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങളും 10000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. റുഖിയ, മകന്‍ നാസര്‍, ഭാര്യ ഷിഫാന, മക്കള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.നാസര്‍ മൈസൂരുവിലേക്ക് പോയതിനാല്‍ റുഖിയ ഉള്‍പ്പെടെ എല്ലാവരും രാത്രി 9. 45 മണിയോടെ വീട് പൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് പോയി. രാവിലെ ആറിന് റുഖിയ എത്തിയപ്പോള്‍ പൂട്ടിയ കിടപ്പുമുറി ഉള്‍പ്പെടെ തുറന്നതായി കണ്ടു.

അലമാര കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അയല്‍ വീട്ടില്‍ നിന്നും എടുത്ത ഇരുമ്പുപാര ഉപയോഗിച്ച് പൂട്ടുപൊളിച്ച് അടുക്കള വാതില്‍ തുറന്നാണ് അകത്തു കയറിയത്.സംഭവ ശേഷം ഒളിവില്‍ പോയ പ്രതി മേലാറ്റൂര്‍ ഭാഗത്ത് ഒളിവില്‍ താമസിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മുമ്പ് ജയിലില്‍ വച്ച് പരിചയപ്പെട്ട മറ്റൊരു മോഷണക്കേസിലെ പ്രതിയോടൊപ്പം ആയിരുന്നു അക്ബര്‍ താമസിച്ചിരുന്നത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്ബറിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മോഷണമുതലുകള്‍ വിറ്റ് ഗോവയിലും മറ്റും പോയി ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞതവണ നേപ്പാളില്‍ വരെ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു.നിരവധി മോഷണ കേസുകളില്‍ പ്രതിയായ അക്ബര്‍ കഴിഞ്ഞ മെയ് അവസാനമാണ് ജയില്‍ മോചിതനായത്. രാത്രികാലത്ത് ട്രെയിനില്‍ വന്നു ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. SI രതീഷ്, ASI സുനിത, സിപിഒ അനസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി.സജീഷ്, സജേഷ്.സി.കെ, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles