വടകര: കോഴിക്കോട് വടകരയില്‍ തെരുവുനായുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്.പുത്തൂരിലും അടക്കാത്തെരുവിലും തെരുവുനായ ശല്യം രൂക്ഷമാണ്.നായ ഓടി നടന്ന് കടിക്കുകയായിരുന്നു. വയോധികർ ഉള്‍പ്പെടെയുള്ളവർക്ക് തെരുവുനായുടെ കടിയേറ്റു.ഇന്നലെ രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ആറ് പേരെ വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.പുത്തൂർ കുനിയില്‍ പ്രഭാകരൻ (52),ഭാര്യ ഗീത (59), മണിയൂർ കുറുന്തോടി പറമ്പത്ത് മീത്തല്‍ രജീഷ് (40),പുത്തൂർ കുനിയില്‍ മൈഥിലി (84), ചെറുശ്ശേരി റോഡില്‍ ശ്രീലക്ഷ്മിയില്‍ രേണുക (68), പുത്തൂർ മീനത്ത് നളിനി (67), പുത്തൂർ വെണ്ണം പൊയില്‍ ചന്ദ്രി (65), മകൻ ഷനില്‍ കുമാർ (42), അടക്കാത്തെരു കൊല്ലന്റവിട സിജു, തേക്കന്റവിട വിനീത തുടങ്ങിയവർക്കാണ് കടിയേറ്റത്.
മൈഥിലി, ഗീത,പ്രഭാകരൻ,രജീഷ് എന്നിവരെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ വീടിനകത്ത് കയറിയാണ് നായ് കടിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് അടക്കാത്തെരുവിലെ സിജുവിനും വിനീതക്കും വീടിനു സമീപത്തുവെച്ച് ആദ്യം കടിയേറ്റത്. പിന്നീട് രാവിലെ 11.30 ഓടെയാണ് ചെറുശ്ശേരി റോഡ് വഴി പുത്തൂരിലേക്കുള്ള ഓട്ടത്തിനിടയില്‍ വീടുകളില്‍ അടക്കം കയറി നായ് പരാക്രമം കാണിച്ചത്.വീട്ടിലെ വരാന്തയിലുണ്ടായിരുന്ന പ്രഭാകരനെ കടിച്ച നായ് അലക്കുകയായിരുന്ന ഭാര്യ ഗീതയെയും കടിച്ച് പരിക്കേല്‍പിച്ചു.
പിന്നീട് വീടുകളിലുളളവരെയും കാല്‍നടക്കാരെയും ഉള്‍പ്പെടെ നായ് കണ്ണില്‍ കണ്ടവരെയൊക്കെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.നായുടെ കടിയേറ്റ് കാലിനും കൈക്കും പൊട്ടലേറ്റവരെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മേഖലയില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്.സംഭവം അറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ പി.കെ. ശശി,സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. വിനു, കൗണ്‍സിലർമാരായ സുനിത രാജീവൻ, സി.കെ ശ്രീജിന,പി.സോമശേഖരൻ, ബിജുല്‍കുമാർ ആയാടത്തില്‍ എന്നിവർ ആശുപത്രിയിലെത്തി.






