കോഴിക്കോട് : രാജ്യത്ത് ആദ്യമായി ഡിജിറ്റൽ രൂപത്തിൽ നടക്കുന്ന സെൻസസ് 2027-ന്റെ ഭാഗമായുള്ള ‘സെൽഫ് എന്യൂമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ജില്ലയിൽ വിജയകരമായി പൂർത്തിയായി. വീടും അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തികൾക്ക് സ്വന്തമായി ഓൺലൈനായി രേഖപ്പെടുത്താനുള്ള ഈ സൗകര്യം ജില്ലയിൽ 74,301 പേർ (92.31 %) ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ജൂൺ 16-ന് ആരംഭിച്ച സെൽഫ് എന്യൂമറേഷൻ നടപടികൾ ജൂൺ 30-ന് രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.സെൻസസ് നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനുമായാണ് ചരിത്രത്തിലാദ്യമായി ഇത്തരമൊരു ഓൺലൈൻ സംവിധാനം ഒരുക്കിയത്.
ഒന്നാംഘട്ടത്തിന് തുടക്കമായിസെൽഫ് എന്യൂമറേഷൻ കാലാവധി അവസാനിച്ചതോടെ, ജൂലൈ 1 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന സെൻസസിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായിട്ടുണ്ട്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന സെൻസസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സാധനസാമഗ്രികളും ഫോമുകളും കഴിഞ്ഞ ദിവസം തന്നെ ജില്ലയിലെ 14 ചാർജ് ഓഫീസുകളിലേക്കും കൈമാറിയിരുന്നു. ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾ 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.






