spot_img
Saturday, August 22, 2026

പൊന്മുടിയിലേക്ക് പോകാൻ ഫാസ്റ്റ് പാസഞ്ചർ ബസ് വരുന്നു; കെഎസ്ആർടിസിയുടെ വരുമാനം കൂടും



വിതുര : പൊന്മുടിയിലേക്ക് പോകാൻ ഫാസ്റ്റ് പാസഞ്ചർ ബസ് വരുന്നു. വിനോദസഞ്ചാരികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ യാത്രാക്ലേശം ലഘൂകരിക്കാൻ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് ധാരണയായതായി ഗതാഗതമന്ത്രി സി.പി.ജോൺ ‘മനോരമ’യോടു പറഞ്ഞു. ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതി വന്നതിനു പിന്നാലെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വൈകിട്ട് ബസിൽ കയറാനുള്ള തള്ളിക്കയറ്റത്തെയും അപകടയാത്രയെയും കുറിച്ചുള്ള ‘മനോരമ’ റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം.

ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഉടൻ സർവീസ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ബസ് ലഭ്യത ഉറപ്പായാൽ ഇന്നോ നാളെയോ തന്നെ തുടങ്ങാൻ തയാറാണ്. ബസിന്റെ സമയക്രമം പ്രധാനപ്പെട്ടതായതിനാൽ നെടുമങ്ങാട്, വിതുര കെഎസ്ആർടിസി ഡിപ്പോ അധികൃതരുടെയും അഭിപ്രായം തേടും. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത് ഒരു ബസ് മാത്രമായിരിക്കും. ഈ സർവീസിന്റെ വരുമാനവും മറ്റും പരിശോധിച്ചശേഷം കൂടുതൽ സർ‌വീസുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.സഞ്ചാരികളുടെ

സഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ അധിക ഓർഡിനറി സർവീസുകൾ അയയ്ക്കാൻ മുൻപേ നിർദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് ബസിൽ കയറേണ്ട ആളുകൾ ഒരു ബസിൽ തള്ളിക്കയറാൻ ശ്രമിച്ചത് ചർച്ചയായിരുന്നു. യാത്രക്കാർ തമ്മിൽ ഉന്തും തള്ളുമായി. ബസിനുള്ളിൽ കയറിയതിനെക്കാൾ ഇരട്ടിയോളം ആളുകൾ പുറത്തുനിന്നു. ഇവർ തൊട്ടടുത്ത സർവീസുകളിൽ തിങ്ങിനിറഞ്ഞാണ് മലയിറങ്ങിയത്. ഇന്നലെയും തിരക്ക് നിയന്ത്രണവിധേയമായിരുന്നില്ല.

പൊന്മുടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തുന്നത് യാത്രാദുരിതം ലഘൂകരിക്കുന്നതിനൊപ്പം കെഎസ്ആർടിസിയുടെ വരുമാനം കൂട്ടും. നിലവിൽ തിരുവനന്തപുരം– പൊന്മുടി റൂട്ടിൽ കല്ലാർ വരെ ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടുന്നുണ്ട്. ‘ലിങ്ക് ബസുകൾ’ ഉൾപ്പെടെ പൊന്മുടി സർവീസിനായി പരിഗണിച്ചേക്കും. സൂപ്പർ ഫാസ്റ്റ് സർവീസുകൾ തുടങ്ങുന്നതു സംബന്ധിച്ച് നിലവിൽ ചിന്തയില്ലെങ്കിലും സാധ്യത പരിശോധിക്കുമെന്നാണ് മന്ത്രിയുടെ ഓഫിസ് നൽകുന്ന സൂചന.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles