കോഴിക്കോട് : ജില്ലയിലെ മുക്കത്ത് ഇരുവഴിഞ്ഞിക്ക് കുറുകെ ആകാശം മൂടുന്ന രീതിയിൽ അർജന്റീനയുടെ ഒരു ഭീമൻ പതാക. കോഴിക്കോട്ടെ മിഠായിത്തെരുവിലിറങ്ങിയാൽ കൊടികളുടെ ഇടയിൽ ആകാശം പോലും കാണാനാവാത്ത അവസ്ഥ. സ്വാതന്ത്ര്യദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ പോലും ഇത്രയും വലിപ്പത്തിലും എണ്ണത്തിലും ത്രിവർണ പതാകകൾ കണ്ടതായി ഓർമയില്ല.ഇന്ന് കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദേശ ഫുട്ബോൾ ശക്തികളുടെ ദേശീയ നിറങ്ങൾ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ചായക്കടകളിൽ അർജന്റീനയുടെ നീലയും വെള്ളയും. സ്കൂൾ ഗേറ്റുകളിൽ ബ്രസീലിന്റെ പച്ചയും മഞ്ഞയും. പോർച്ചുഗലിന്റെ ചുവപ്പും പച്ചയും. മെസ്സിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും ഭീമൻ കട്ടൗട്ടുകൾ ഗ്രാമജംഗ്ഷനുകൾ കൈയടക്കുന്നു. മലപ്പുറത്ത് ഫുട്ബോൾ പ്രമേയമാക്കിയ പൊതുകലാ ഇൻസ്റ്റലേഷനുകൾ വരെ ഉയർന്നുകഴിഞ്ഞു.ഇത് ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി കേരളം ലോകഫുട്ബോളിനോട് പുലർത്തുന്ന അടുപ്പത്തിന്റെ തുടർച്ചയാണ്. മതവും ജാതിയും രാഷ്ട്രീയവും കടന്ന് ഫുട്ബോൾ ഇവിടെ ഒരു സാംസ്കാരിക ഭാഷയായി മാറിയിട്ടുണ്ട്. 2022 ലോകകപ്പിൽ അർജന്റീന വിജയിച്ചപ്പോൾ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് കേരളത്തിലെ ആരാധകരോട് പ്രത്യേകം നന്ദി പറഞ്ഞു. ഈ ലോകകപ്പിലും കേരളത്തിലെ ആഘോഷങ്ങൾ അർജന്റീനയിലെയും ബ്രസീലിലെയും മാധ്യമങ്ങളിൽ വാർത്തയായി. ഇതിലൊന്നും തെറ്റില്ല.
കായികാഭിനിവേശം ഒരു സമൂഹത്തിന്റെ ഏറ്റവും മനോഹരമായ കൂട്ടായ വികാരപ്രകടനങ്ങളിൽ ഒന്നാണ്.എന്നാൽ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് മുകളിലൂടെ പാറുന്ന അർജന്റീനയുടെ പതാക ചില വേറിട്ട ചോദ്യങ്ങൾ ഉയർത്തുന്നു. ഇരുവഴിഞ്ഞിപ്പുഴയെക്കുറിച്ച് ഓർക്കുമ്പോൾ ഇതുവരെ മനസ്സിൽ തെളിഞ്ഞിരുന്നത് ആ തീരത്ത് ജീവിച്ച് ‘നാടൻ പ്രേമം’ രചിച്ച എസ്. കെ. പൊറ്റക്കാട്, മൊഴിയാട്ടത്തിന്റെ സ്രഷ്ടാവായ സുരാസു, ചലച്ചിത്രനിർമ്മാതാവ് സലാം കാരശ്ശേരി, ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമയിലൂടെ മലയാളികളുടെ ഓർമയിൽ വീണ്ടും ഇടം നേടിയ ബി. പി. മൊയ്തീൻ എന്നിവരായിരുന്നു. മൊയ്തീന്റെ ജീവിതവും മരണവും ഈ പുഴയോട് ചേർന്നതാണ്.
ആ പ്രദേശത്തിന്റെ ചരിത്രവും സാഹിത്യവും മനുഷ്യകഥകളും വഹിച്ചൊഴുകുന്ന പുഴയാണത്.അവിടെയാണ് 60 മീറ്ററിലേറെ നീളത്തിലും ആറു മീറ്റർ വീതിയിലും അർജന്റീനയുടെ പതാക പാറിക്കളിക്കുന്നത്. ആ ദൃശ്യം ഒരു ലളിതമായ ചോദ്യം ഉയർത്തുന്നു. ലോക ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഇന്ത്യയുടെ ത്രിവർണ പതാക അർജന്റീനയിലെ ഗ്രാമങ്ങളിൽ ഉയർത്തപ്പെടുന്നുണ്ടോ? ബ്യൂണസ് ഐറിസിലെ ജംഗ്ഷനുകളിൽ വിരാട് കോലിയുടെയോ രോഹിത് ശർമയുടെയോ ചിത്രങ്ങൾ സ്ഥാപിക്കപ്പെടുന്നുണ്ടോ? ബ്രസീലിലെ നഗരങ്ങൾ ഇന്ത്യൻ ടീമിനുവേണ്ടി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ടോ?ഉത്തരം ഇല്ല എന്നതാണ്. അർജന്റീനയിൽ നമ്മുടെ പതാകയുടെ ഒരു നിഴൽ പോലും കാണാനില്ല.
കേരളം അർജന്റീനയെ അത്യന്തം ആവേശത്തോടെ സ്വീകരിക്കുന്നു. അർജന്റീന ഇടയ്ക്കൊരിക്കൽ കേരളത്തെ ഒരു കൗതുകവാർത്തയായി കാണുന്നു. ഒരു ട്വീറ്റിലൂടെ നന്ദി പറയുന്നു. അതിനപ്പുറം ഈ ബന്ധം പ്രധാനമായും മലയാളി ആരാധകന്റെ ഭാവനയിലാണ് നിലനിൽക്കുന്നത്.അർജന്റീനയും ബ്രസീലും വെറും ഫുട്ബോൾ ശക്തികളാണ് എന്നു കരുതാം. എന്നാൽ പോർച്ചുഗൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അധിനിവേശം നടത്തി ഭരിച്ചിരുന്ന ഒരു കൊളോണിയൽ ശക്തിയായിരുന്നു. ഗോവ മുതൽ ദമൻ വരെ പോർച്ചുഗീസ് അധിനിവേശത്തിന്റെ ചരിത്രമുണ്ട്. എന്നിട്ടും കേരളത്തിലെ ഗ്രാമങ്ങളിൽ പോർച്ചുഗൽ പതാകകൾ പാറുന്നു. ആരും അത് രാഷ്ട്രീയമായി വായിക്കുന്നില്ല. ദേശസ്നേഹത്തിന്റെ മാനദണ്ഡമായി കാണുന്നില്ല. അത് ശരിയോ തെറ്റോ എന്നതല്ല വിഷയം. ദേശീയ പ്രതീകങ്ങളോടുള്ള നമ്മുടെ സമീപനം എത്രത്തോളം സാഹചര്യാധീനമാണെന്നതാണ്.
ലോകത്തിലെ പല രാജ്യങ്ങളും വിദേശ പതാകകളുടെ കാര്യത്തിൽ ഏകീകൃതമായ നിയമങ്ങൾ പാലിക്കുന്നു. സിംഗപ്പൂരിൽ അനുമതിയില്ലാതെ വിദേശ പതാക പ്രദർശിപ്പിക്കുന്നത് ശിക്ഷാർഹമാണ്. കുവൈത്തിൽ വാഹനങ്ങളിൽ വിദേശ പതാകകൾ പതിപ്പിക്കുന്നത് പോലും പിഴയ്ക്കും നടപടികൾക്കും കാരണമാകാം. മൊണ്ടെനേഗ്രോയിൽ അനുമതിയില്ലാതെ വിദേശ പതാക പ്രദർശിപ്പിച്ചാൽ 300 യൂറോ വരെ പിഴയുണ്ട്. 2014 ലോകകപ്പ് കാലത്ത് ഫ്രാൻസിലെ നീസ് നഗരം എല്ലാ വിദേശ പതാകകളുടെയും അനിയന്ത്രിത പ്രദർശനം നിയന്ത്രിച്ചിരുന്നു.കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിന് മറ്റൊരു വശവുമുണ്ട്. ചിലപ്പോഴൊക്കെ അത് സംഘർഷങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴിമാറാറുണ്ട്. 2022 ലോകകപ്പ് സമയത്ത് ശക്തികുളങ്ങരയിൽ ബ്രസീൽ–അർജന്റീന ആരാധകർ ഏറ്റുമുട്ടി. ഫൈനലിന് ശേഷം കണ്ണൂർ, തലശ്ശേരി, കൊച്ചി എന്നിവിടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
എന്നാൽ ആർക്കുവേണ്ടിയാണ് ഈ കുട്ടികൾ ഏറ്റുമുട്ടുന്നത് എന്ന ചോദ്യം പലപ്പോഴും ഉയരാറില്ല. മലപ്പുറത്തോ കൊല്ലത്തോ കണ്ണൂരിലോ അടിപിടിക്കുന്ന ആ കുട്ടികളുടെ ജീവിതത്തിൽ അർജന്റീനയ്ക്കോ ബ്രസീലിനോ യഥാർത്ഥത്തിൽ വലിയ സ്ഥാനമില്ല. പക്ഷേ അവരുടെ വികാരങ്ങളിൽ ആ രാജ്യങ്ങൾക്കാണ് ഏറ്റവും വലിയ സ്ഥാനം.ആ രാജ്യങ്ങളുടെ ദേശീയ പതാകകൾക്കും ടീമുകൾക്കും നമ്മുടെ ജീവിതത്തിൽ ഇത്ര വലിയ സ്ഥാനം എങ്ങനെ ലഭിച്ചു? ഫുട്ബോളിനോടുള്ള അതിശയകരമായ സ്നേഹമുണ്ടെങ്കിലും ഇന്ത്യ ഇന്നും ലോകഫുട്ബോളിന്റെ ഏറ്റവും വലിയ വേദിക്ക് പുറത്താണ് എന്നതാണ് പ്രധാന കാരണങ്ങളിൽ ഒന്ന്.
ഈ ലോകകപ്പിൽ വെറും 5.3 ലക്ഷം ജനസംഖ്യയുള്ള കേപ് വർദെ യൂറോപ്യൻ ചാമ്പ്യൻ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചപ്പോൾ നമ്മൾ ഞെട്ടിപ്പോയി. ഒരു ചെറിയ ദ്വീപ് രാജ്യം ലോകഫുട്ബോളിൽ സ്വന്തം സ്ഥാനം കണ്ടെത്തിയിരിക്കുന്നു. 140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയ്ക്ക് ഇന്നും അതിന് കഴിഞ്ഞിട്ടില്ല.പ്രശ്നം കഴിവില്ലായ്മയല്ല, ആവേശത്തിന്റെ കുറവുമല്ല.കേരളത്തെ മാത്രം നോക്കിയാൽ പോലും ലോകനിലവാരത്തിലുള്ള ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താൻ പ്രയാസമില്ല. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഫുട്ബോളിന് ആവശ്യമായ മനുഷ്യവിഭവവും ആവേശവും ധാരാളമുണ്ട്. എന്നിട്ടും ആ കഴിവ് ലോകനിലവാരത്തിലുള്ള ഒരു ദേശീയ ടീമായി രൂപാന്തരപ്പെടുന്നില്ല.ഭരണപരമായ പ്രശ്നങ്ങൾ, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, ദീർഘകാല ആസൂത്രണക്കുറവ്, സ്ഥാപനപരമായ വീഴ്ചകൾ എന്നിവ ഇന്ത്യൻ ഫുട്ബോളിനെ ഇന്നും പിന്തുടരുന്നു.
കളിക്കാരുടെ നിർണയിക്കുന്ന പല തീരുമാനങ്ങളും കളിസ്ഥലങ്ങളിൽ നിന്ന് വളരെ അകലെയാണ് എടുക്കപ്പെടുന്നത് എന്ന തോന്നലും നിലനിൽക്കുന്നു. ഇരുവഴിഞ്ഞിപ്പാലം കടന്ന് ഫുട്ബോൾ പ്രേമികളുടെ കേന്ദ്രമായ അരീക്കോട്ടേക്ക് യാത്ര തുടർന്നപ്പോഴും ഒരു ചിന്ത മനസ്സിൽ ബാക്കിയായിരുന്നു.ലോകകപ്പിൽ മത്സരിക്കാൻ കഴിയുന്ന ഒരു ദേശീയ ടീമിനെ സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് ഇനിയും എന്തുകൊണ്ട് കഴിയുന്നില്ല? ഒരുപക്ഷേ ആ ദിവസം വന്നാൽ, കേരളത്തിലെ ഫുട്ബോൾ സീസണിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന പതാക അർജന്റീനയുടെയോ ബ്രസീലിന്റെയോ പോർച്ചുഗലിന്റെയോ ആയിരിക്കില്ല. അത് ഇന്ത്യയുടെ സ്വന്തം ത്രിവർണ പതാകയായിരിക്കും.






