spot_img
Sunday, July 5, 2026

മെഡിക്കൽ കോളജുകളിലെ ‘തറയിലെ കിടത്തിച്ചികിത്സ’ അവസാനിപ്പിക്കുന്നു; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും.



തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്ന പ്രാകൃത രീതി പൂർണ്ണമായും അവസാനിപ്പിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഉടനടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളജുകളിലെ തിരക്കും രോഗികൾ തറയിൽ കിടക്കേണ്ടി വരുന്ന അവസ്ഥയും സമീപകാലത്ത് ആരോഗ്യ വകുപ്പിനെതിരെ വലിയ തോതിലുള്ള പൊതുജനവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് ശാശ്വത പരിഹാരം കാണാനാണ് പുതിയ നീക്കം.

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ ഫീവർ ക്ലിനിക്ക് പുലയനാർകോട്ടയിലുള്ള ചെസ്റ്റ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.രോഗികളെ താമസിപ്പിക്കുന്നതിനായി പുലയനാർകോട്ട ആശുപത്രിയിൽ അടിയന്തരമായി 200 കിടക്കകൾ കൂടി സജ്ജീകരിക്കും.മെഡിക്കൽ കോളജിലെ കടുത്ത ജനത്തിരക്ക് ലഘൂകരിക്കുന്നതിനും തറയിലെ പ്രവേശനം തടയുന്നതിനും രോഗികളെ പുലയനാർകോട്ടയിലേക്ക് മാറ്റാനുള്ള അന്തിമ തീരുമാനം ശനിയാഴ്ചയാണ് കൈക്കൊണ്ടത്.

മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ജില്ലയിലെ പ്രമുഖ ആശുപത്രി മേധാവികളും പങ്കെടുത്തിരുന്നു
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും സമാനമായ രീതിയിൽ രോഗികൾ തറയിൽ കിടന്ന് ചികിത്സ നേടേണ്ടി വരുന്ന അവസ്ഥ നിലവിലുണ്ടെന്ന് മന്ത്രി സമ്മതിച്ചു.ഇതിന് പരിഹാരമായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരു പുതിയ വാർഡ് ബ്ലോക്ക് നിർമ്മിക്കും. അധികമായി വരുന്ന രോഗികളെ ഈ പുതിയ വാർഡിലേക്ക് മാറ്റാൻ ആവശ്യമായ സ്ഥലം മെഡിക്കൽ കോളജ് കാമ്പസിലുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്ന രീതി സംസ്ഥാനത്ത് നിന്ന് പൂർണ്ണമായും തുടച്ചുനീക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും സംയുക്ത നേതൃത്വത്തിലാണ് ഈ പുതിയ പദ്ധതികൾ സംസ്ഥാനത്തുടനീളം ഏകോപിപ്പിച്ചു വരുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles