spot_img
Wednesday, August 19, 2026

കോഴിക്കോട് രണ്ട് ചത്ത ഡോൾഫിനുകൾ കരയ്ക്കടിഞ്ഞു



കോഴിക്കോട്: ബീച്ചിൽ മുഖദാർ ഭാഗത്തും ബീച്ച് ജനറൽ ആശുപത്രിക്ക് സമീപത്തും ചത്ത ഡോൾഫിനുകൾ അടിഞ്ഞു. ഏകദേശം 200 കിലോഗ്രാം ഭാരമുള്ള ഡോൾഫിനാണ് മുഖദാർ ബീച്ചിൽ അടിഞ്ഞത്. ബീച്ച് ജനറൽ ആശുപത്രിക്കു മുൻവശത്തെ ബീച്ചിൽ ഏതാണ്ട് 50 കിലോഗ്രാം തൂക്കമുള്ള ഡോൾഫിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് ചത്ത ഡോൾഫിനുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

കോർപറേഷന്റെ ആരോഗ്യവിഭാഗവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.എം.മനോജ് ലാലിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വലിയ ഡോൾഫിന്റെ വയറിനകത്തു നിന്ന് ഏതാണ്ട് 2 കിലോഗ്രാം തൂക്കം വരുന്ന മത്സ്യബന്ധന വലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ വല ഡോൾഫിന്റെ അന്നനാളത്തിൽ കുടുങ്ങി ഭക്ഷണം കഴിക്കാനാകാതെയാണ് മരണം സംഭവിച്ചതെന്ന് ഡോ. മനോജ് ലാൽ പറഞ്ഞു. ചെറിയ ഡോൾഫിന്റെ മരണ കാരണം വ്യക്തമല്ല. ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇവയെ ബീച്ചിൽ ശാസ്ത്രീയ രീതിയിൽ സംസ്കരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles