spot_img
Sunday, August 23, 2026

ലോകകപ്പില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം; സ്‌പെയിനും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍, റൊണാള്‍ഡോ-യമാല്‍ അങ്കം അര്‍ധരാത്രി 12:30 ന്.



ഡാളസ്: ലോകകപ്പ് ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പോര്‍ച്ചുഗലും സ്‌പെയിനും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. പരമ്പരാഗത വൈരികളും അയല്‍ക്കാരുമായ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള ‘ഇബേരിയന്‍ ഡെര്‍ബി’ ഇന്ന് അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.ഈ മല്‍സരത്തോടെ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ട രണ്ട് വമ്പന്മാരില്‍ ഒരാള്‍ ലോകകപ്പില്‍ നിന്നും പുറത്താകും.അര്‍ധരാത്രി 12:30 നാണ് മല്‍സരം. ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഉപരി ഇരുടീമുകളുടെയും ഗോള്‍ അടി യന്ത്രങ്ങളായ 41 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 18 വയസുകാരനായ ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുമ്പോള്‍ മല്‍സരഫലം എന്താകുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.ഗ്രൂപ്പ് കെയില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയായിരുന്നു പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടിയത്. അവിടെ നിന്ന് റൗണ്ട് ഓഫ് 32 ല്‍ ക്രൊയേഷ്യക്കെതിരെ നാടകീയ ജയവും സ്വന്തമാക്കിയിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അന്ന് പറങ്കിപ്പട ക്രൊയേഷ്യയെ തകര്‍ത്തത്. നിശ്ചിത സമയവും കഴിഞ്ഞ് മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു ഗോണ്‍സാലോ റാമോസ് വിജയഗോള്‍ നേടി ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്.അതേസമയം, രണ്ട് ജയവും ഒരു സമനിലയുമായാണ് സ്‌പെയിനിന്റെ വരവ്. റൗണ്ട് ഓഫ് 32 ല്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. സ്‌പെയിനിന്റെ ലാമിന്‍ യമാലിലേക്കാണ് ആരാധകരുടെ കണ്ണുകള്‍. തന്റെ ആദ്യ ലോകകപ്പ് കളിക്കുന്ന താരം ഇതിനോടകം തന്നെ ലോകകപ്പിലെ ആദ്യ ഗോളും നേടി കഴിഞ്ഞു.

ഈ മല്‍സരത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതും മിഡ്ഫീല്‍ഡിലെ പോരാട്ടമായിരിക്കും. പ്രതിരോധക്കരുത്തുമായാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്‌പെയിന്‍ വരുന്നത്. ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ജയിച്ച സ്‌പെയിന്‍ തങ്ങളുടെ ഒഴുക്കന്‍ ശൈലി വീണ്ടെടുത്തു കഴിഞ്ഞു. പെഡ്രി മധ്യനിരയുടെ താളം നിശ്ചയിക്കുമ്പോള്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡി കളി നിയന്ത്രിക്കും. കളിയിലെ വേഗത കൂട്ടിയും കുറച്ചും എതിരാളികളെ അടിച്ചമര്‍ത്തുന്ന സ്പാനിഷ് ശൈലിക്ക് മിഖേല്‍ ഒയര്‍സബാലിന്റെ സ്‌കോറിങ് മികവ് കൂടിയാകുമ്പോള്‍ മൂര്‍ച്ച കൂടും.

റൊണാള്‍ഡോ എന്ന വന്‍മരത്തിനൊപ്പം നില്‍ക്കാന്‍ ഒരേ നിലവാരമുള്ള ലോകോത്തര മധ്യനിരയാണ് പോര്‍ച്ചുഗലിന്റെ കരുത്ത്. ഏത് പ്രതിരോധ മതിലും പൊളിക്കാന്‍ കെല്‍പ്പുള്ള ബ്രൂണോ ഫെര്‍ണാണ്ടസ്, പന്തടക്കത്തില്‍ മിടുക്കന്മാരായ ബെര്‍ണാഡോ സില്‍വ, വിറ്റിഞ്ഞ എന്നിവര്‍ കളം നിറഞ്ഞാല്‍ സ്‌പെയിന്‍ വിയര്‍ക്കും. എങ്കിലും വ്യക്തിഗത മികവിനപ്പുറം റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കീഴില്‍ ഒരു ഒത്തൊരുമയുള്ള ടീമായി മാറാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കിയാണ്. റൊണാള്‍ഡോയുടെ ഇന്നത്തെ ഫോം അവരുടെ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായകമാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles