തിരുവനന്തപുരം: ലഹരി വിപണനത്തിനെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Thoofan) പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 85 പേർ കൂടി അറസ്റ്റിലായി. പുതിയതായി 78 കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13 കേസുകൾ ചെറിയ അളവിലും (Small Quantity), അഞ്ച് കേസുകൾ ഇടത്തരം അളവിലും (Medium Quantity), ഒരു കേസ് വാണിജ്യ അളവിലും (Commercial Quantity) ലഹരിമരുന്ന് കൈവശം വെച്ചതിനാണ്. കൂടാതെ, എൻ.ഡി.പി.എസ് ആക്ട് പ്രകാരം 59 കേസുകളും കോട്പ (COTPA) നിയമപ്രകാരം 42 കേസുകളും രജിസ്റ്റർ ചെയ്തു.
ഇവരിൽ നിന്നായി 6.075 ഗ്രാം എം.ഡി.എം.എ, 21.333 കിലോഗ്രാം കഞ്ചാവ്, 146.23 ഗ്രാം മെത്താഫെറ്റാമിൻ, 2.7 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 6,075 ആയി ഉയർന്നു; ആകെ 6,524 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 3,883.54 ഗ്രാം എം.ഡി.എം.എയും 461.018 കിലോഗ്രാം കഞ്ചാവുമാണ് റെയ്ഡുകളിലൂടെ പോലീസ് പിടിച്ചെടുത്തത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാത്രം 91 ക്ലാസുകൾ പോലീസ് നടത്തി.
ഇതോടെ ആകെ ബോധവൽക്കരണ ക്ലാസുകൾ 6,521 ഉം, കൗൺസിലിംഗുകൾ 311 ഉം, സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള പരിപാടികൾ 5,291 ഉം ആയി.ലഹരി വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടോ 9497979794, 9497927797 എന്നീ നമ്പറുകളിലോ, 9995966666 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ പോലീസിനെ അറിയിക്കാവുന്നതാണെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.






