കോഴിക്കോട് : ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, മണലെടുക്കൽ, കിണർ നിർമാണം എന്നിവ പൂർണ്ണമായും നിരോധിച്ച് ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഈ വിലക്ക് കാലാവസ്ഥാ വകുപ്പ് തുടർച്ചയായ നാല് ദിവസം ഗ്രീൻ അലേർട്ട് പ്രഖ്യാപിക്കുന്നത് വരെ തുടരും. ഇതോടൊപ്പം വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര മേഖലകളിലും ചുരങ്ങളിലും രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കലക്ടറുടെ കർശന നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.






