spot_img
Thursday, July 9, 2026

ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ; കല്പനയുടെ കാത്തിരിപ്പ് വിഫലം,രാഹുലിനെ കണ്ടെത്തി,പ്രാണനറ്റ്



മേപ്പാടി : വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ ഇന്ന് രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. എക്സ്‌കവേറ്റർ ഓപ്പറേറ്റർ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, എൻജിനിയർ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ എന്നിവരുടെ മൃതദേഹങ്ങളാണ് സോൺ ഒന്നിൽനിന്ന് കണ്ടെത്തിയത്. ആദ്യം മുഹമ്മദ് ഇമ്രാന്റെതും പിന്നീട് രാഹുൽ ശർമയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ പാൽ (37), ബിഹാർ സ്വദേശി ഫോർമാൻ ബികാസ് കുമാർ സിങ് (40), ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ്(25) എന്നിവരാണ് മരിച്ച ബാക്കി മൂന്നുപേർ.

ഇനി മൂന്ന് പേരെകൂടി കണ്ടെത്താനുണ്ട്.കൺസ്ട്രക്ഷൻ മാനേജർ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണ,സർവേയർ പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത്, സർവേയർ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി എന്നിവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഒന്നും രണ്ടും സോണുകളിലാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നതെന്ന് മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു.രാഹുലിന്റെ മൃതദേഹം കണ്ടെത്തിയതോടെ ഭാര്യ കല്പനയുടെ കാത്തിരിപ്പ് കണ്ണീരിൽ അവസാനിച്ചിരിക്കുകയാണ്. രാഹുൽ ശർമ ജീവനോടെ തിരിച്ച് വരുമെന്ന കാത്തിരിപ്പിലായിരുന്നു ചെമ്പ്ര റോഡിലെ വാടകവീട്ടിൽ കല്പന.

രാഹുലിന്റെ മൃതദേഹം കണ്ടെത്തിയതോടെ ആ കാത്തിരിപ്പ് വിഫലമായി. ഹിമാചൽ പ്രദേശിലെ മൺഡി സ്വദേശിയാണ് എൻജിനിയറായ രാഹുൽ ശർമ. കഴിഞ്ഞ ഫെബ്രുവരി 21-നായിരുന്നു രാഹുലിന്റെയും കല്പനയുടെയും വിവാഹം. തുരങ്കപാതയുടെ കരാറെടുത്ത ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതനുസരിച്ച് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് കല്പന അപകടത്തെക്കുറിച്ച് അറിയുന്നത്.

രാഹുലിന്റെ അച്ഛൻ രൂപ്ദേവ് ശർമയും അമ്മാവൻ രാംവീർ ശർമയും ഹിമാചലിൽനിന്ന് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഒപ്പം ദുബായിയിൽ ഷെഫായ സഹോദരനും അപകടവിവരമറിഞ്ഞ് വയനാട്ടിലെത്തിയിട്ടുണ്ട്.

ഇതിനിടെ കള്ളാടിയിലെ ദുരന്തഭൂമിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് എം.വി. ജയരാജൻ, മുൻ എംഎൽഎ ശശി എന്നിവരടങ്ങുന്ന സംഘമാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. ഇവർക്കൊപ്പം റവന്യൂ മന്ത്രി എ.പി. അനിൽ കുമാറും അപകടസ്ഥലം സന്ദർശിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles