spot_img
Friday, July 10, 2026

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ.



പാലക്കാട്: തുടർച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന വയനാട്ടിൽ മുൻസർക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ തുരങ്കപാതയുടെ തുടർപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പുനരാലോചന നടത്തുന്നു. 1984ൽ ഉണ്ടായ വലിയ ഉരുൾപൊട്ടൽ മുതൽ 2024 ജൂലൈ 30ന് ചൂരൽമലയെയും മുണ്ടക്കൈയെയും വിഴുങ്ങിയ മഹാദുരന്തം വരെയുള്ള സംഭവങ്ങൾ പ്രദേശത്തെ ഭൂമിയുടെ ആന്തരികമായ തകർച്ചയുടെ നേർസാക്ഷ്യങ്ങളാണെന്നും തുരങ്കപാതാ പദ്ധതി ഉപേക്ഷിക്കണമെന്നുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ് മുഖവിലക്കെടുത്താണ് സർക്കാർ പുനരാലോചനയ്ക്ക് ഒരുങ്ങുന്നത്.

ഈ വിഷയത്തിൽ വിദഗ്ധരുടെ പഠന റിപ്പോർട്ട് വാങ്ങി പരിശോധിച്ച ശേഷം മാത്രം മുന്നോട്ടുപോകാനാണ് സർക്കാർ നിലപാടെടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ചെമ്പ്ര, വെള്ളരിമല, തൊള്ളായിരം കണ്ടി, അരണമല എന്നീ പ്രദേശങ്ങൾ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് അതീവ ദുർബലമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 150 മില്യൺ വർഷത്തിലേറെ പഴക്കമുള്ള ഈ മലനിരകളിൽ നിരന്തരമായ വെതറിങ് അഥവാ ശിലാക്ഷയം നടക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പെയ്തിറങ്ങുന്ന മഴയും കാറ്റും ഈ പാറക്കൂട്ടങ്ങളെയും മണ്ണിനെയും അത്രമേൽ ദുർബലമാക്കി മാറ്റിയെന്നുമാണ് മുന്നറിയിപ്പ്.

ഭൂഗർഭ ശാസ്ത്രമനുസരിച്ച് പശ്ചിമഘട്ടത്തിന്റെ ഈ ഭാഗങ്ങൾ സങ്കീർണമായ ഭ്രംശരേഖകളാൽ നിറഞ്ഞതാണ്. തുരങ്ക നിർമാണത്തിനായി നടത്തുന്ന വൻസ്‌ഫോടനങ്ങൾ ഈ ഭ്രംശരേഖകളെ കൂടുതൽ ഉണർത്താൻ കാരണമാകുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഇ.കുഞ്ഞികൃഷ്ണനെ പോലുള്ളവർ കുറ്റപ്പെടുത്തുന്നു.  തുരങ്കപാതയ്ക്കായി നടത്തുന്ന നിയന്ത്രിത സ്‌ഫോടനങ്ങളാണെങ്കിൽ പോലും അവയുണ്ടാക്കുന്ന ആന്തരിക കമ്പനങ്ങൾ ദുർബലമായ ഉപരിതല മൺപാളികളെ പാറകളിൽ നിന്ന് വേർപ്പെടുത്തും. കാലവർഷത്തിൽ പെയ്യുന്ന അതിതീവ്ര മഴ ഈ വിടവുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ മൺപാളികൾ ഒന്നാകെ തെന്നിമാറുകയും അത് വൻ ഉരുൾപൊട്ടലുകളായി പരിണമിക്കുകയും ചെയ്യുമെന്നുമാണ് ഇവർ പറയുന്നത്.

ഈ പ്രദേശങ്ങളിലെ മൺപാളികൾക്ക് ആഴം കൂടുതലാണെങ്കിലും അവയ്ക്ക് പാറയോടുള്ള പറ്റിപ്പിടുത്തം വളരെ കുറവാണ്. പശ്ചിമഘട്ടം അറബിക്കടലിൽ നിന്നുള്ള മൺസൂൺ മേഘങ്ങളെ ആദ്യം സ്വീകരിക്കുന്ന പ്രതിരോധ മതിലാണ്. ആഗോളതാപനത്തിന്റെ ഫലമായി അറബിക്കടൽ ചൂടുപിടിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് ഉയരുന്ന കനംകൂടിയ കൂമ്പാരമേഘങ്ങൾ ഈ മലനിരകളിൽ തട്ടി അതിതീവ്ര മേഘവിസ്‌ഫോടനങ്ങൾക്ക് കാരണമാകും.ദിവസങ്ങൾ കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്തുതീരുമ്പോൾ  മണ്ണിന്റെ ജലശേഖരണ ശേഷി അവസാനിക്കുന്നു.

മലകൾ വെട്ടിമുറിച്ചും കോൺക്രീറ്റ് ചുവരുകൾ നിർമിച്ചും പ്രകൃതിയെ തടയാൻ നോക്കുന്ന എൻജിനീയറിങ് വിദ്യകൾ ഇത്തരം അതിതീവ്ര മഴയ്ക്ക് മുന്നിൽ തകർന്നടിയും. എൽനിനോ പ്രതിഭാസങ്ങളും കാലാവസ്ഥാ വ്യതിയാനവും ആവർത്തിക്കുന്ന ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യയ്ക്ക് പ്രകൃതിക്ഷോഭങ്ങളെ തടയാനാകുമെന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്നും പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നു. സഹസ്രാബ്ദങ്ങളായി പ്രകൃതി ഒരുക്കിയ ചാലിയാർ വാലിയുടെയും പശ്ചിമഘട്ടത്തിന്റെയും ആവാസവ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് കൂടുതൽ കാലം മുന്നോട്ട് പോകാനാകില്ലെന്ന നിലപാട് ചില മന്ത്രിമാർക്കുമുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles