വയനാട്: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നല്‍കിയ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യമെന്ന് വിമര്‍ശനം. മണ്ണിടിച്ചിലിന് സാധ്യതയുള്ള അതീവ ദുര്‍ബല ഭൂപ്രദേശത്തിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2019ലും 2024ലും പ്രദേശത്ത് വലിയ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ടെന്ന് 2025 ല്‍ നല്‍കിയ പാരിസ്ഥിതികാനുമതി റിപ്പോര്‍ട്ടില്‍ പറയുന്നു. അനുമതി നല്‍കിയ യോഗത്തില്‍ മൂന്ന് അംഗങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.നിര്‍മ്മാണ ഘട്ടത്തില്‍ പാറ തുരക്കുമ്പോഴുണ്ടാകുന്ന സ്‌ഫോടനങ്ങള്‍ മണ്ണിടിച്ചിലിന് കാരണമാകുമെന്നും പറയുന്നുണ്ട്. ഇത് ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും ഗൗരവമായി ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്. അതീവ പാരിസ്ഥിക ദുര്‍ബലമായ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നല്‍കിയ രേഖകളില്‍ സ്‌ഫോടനം സ്യഷ്ടിക്കുന്ന ആഘാതം എത്രയെന്ന് പറയുന്നില്ലെന്നും എക്‌സ്‌പേര്‍ട്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതോടെ മനുഷ്യ – വന്യജീവി സംഘര്‍ഷം കൂടുമെന്ന വിവരവും എടുത്ത് പറയുന്നു. ഇത്രയധികം പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടിയിട്ടും പാരിസ്ഥിതികാനുമതി എങ്ങനെ നല്‍കി എന്നതിലാണ് ചോദ്യമുയരുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയ ശേഷമാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് ഇരട്ട തുരങ്ക പാതാ നിര്‍മാണത്തിന് 13 അംഗ സമിതി അനുമതി നല്‍കിയതെന്നതാണ് ഏറ്റവും ദുരൂഹതയുയര്‍ത്തുന്നത്.
അതേസമയം വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചെന്ന വാര്‍ത്തയും ഇന്നലെ പുറത്തുവന്നിരുന്നു. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണിന് ജൂണ്‍ 14ന് ജിഎസ്‌ഐ നല്‍കിയ റിപ്പോര്‍ട്ടായിരുന്നു അവഗണിച്ചത്. സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുണ്ടായിരുന്നുവെന്ന് ജിഎസ്‌ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയില്‍ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വെള്ളം വാര്‍ന്നു പോകാനുള്ള മതിയായ ദ്വാരങ്ങള്‍ വീപ്പ് ഹോള്‍സ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് വ്യക്തമായിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമായത്. ഇടിഞ്ഞത് മണ്‍കൂനയല്ല സുരക്ഷാ ഭിത്തിയാണെന്നും കണ്ടെത്തിയിരുന്നു.






