താമരശ്ശേരി: പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിർത്തലാക്കണമെന്ന് ശുപാർശ ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ഫിനാൻസ് ബിൽ 2025 പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് സംഗമം കേന്ദ്ര സർക്കാരിനോടും രാഷ്ട്രപതിയോടും ഭീമഹർജിയിലൂടെ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണവുമെന്ന നിലവിലുള്ള നിയമം റദ്ദാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഫിനാൻസ് ബിൽ 2025 , സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നിർത്തലാക്കണമെന്ന ശുപാർശ , പി എഫ് ആർ ഡി എ നിയമം എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥനത്തെ മുഴുവൻ കെ എസ് എസ് പി യു അംഗങ്ങളും ഒപ്പിട്ട ഭീമ ഹർജി രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്കിലെ പതിനൊന്ന് യൂണിറ്റുകളിൽ നിന്നുമുള്ള ഭീമ ഹർജി യോഗത്തിൽ സ്വീകരിച്ചു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുറഹ്മാൻകുട്ടി സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വി ഗംഗാധരൻ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധൻ ഭീമ ഹർജി ഏറ്റുവാങ്ങി.ജില്ലാസെക്രട്ടറി സി അശോകൻ , ജോയിന്റ് സെക്രട്ടറി വി വീരാൻകുട്ടി, ജില്ലാകമ്മിറ്റി അംഗം ജോസ് മാത്യു, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ , ട്രഷറർ കെ നാരായണൻ , വി വാസന്തി എന്നിവർ പ്രസംഗിച്ചു.






