spot_img
Monday, July 13, 2026

പ്രിയ നേതാവിന് കണ്ണീരോടെ വിടചൊല്ലി ഖത്തർ; കുവൈത്തിലും യുഎഇയിലും ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടി, ആദരവുമായി ഗൾഫ് രാജ്യങ്ങൾ



ദോഹ : ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിക്ക് വിടചൊല്ലി രാജ്യം. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, രാജകുടുംബാംഗങ്ങൾ, വിവിധ അറബ്-രാജ്യാന്തര നേതാക്കൾ എന്നിവർക്ക് പുറമെ സ്വദേശികളും വിദേശികളുമായ വൻ ജനസഞ്ചയമാണ് പ്രിയ നേതാവിന് അവസാനമായി പ്രാർത്ഥനകൾ അർപ്പിക്കാൻ എത്തിയത്.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ലുസൈൽ ശ്മശാനത്തിൽ ഭൗതികശരീരം ഖബറടക്കി. വിയോഗ വാർത്ത അറിഞ്ഞത് മുതൽ ഖത്തറിലെങ്ങും കനത്ത ശോകമൂകമായ അന്തരീക്ഷമാണ് ദൃശ്യമാകുന്നത്.ഖത്തറിനെ ആധുനിക ആഗോള ശക്തിയായി വളർത്തിയ മുൻ അമീർ (പിതൃ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി കഴിഞ്ഞദിവസമാണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. അന്തരിച്ച മുൻ ഭരണാധികാരിയോടുള്ള ആദരസൂചകമായി ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടന്നുവരുന്നു. രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഖത്തറിന് പുറമെ യുഎഇ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാല് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മുതൽ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. ഞായറാഴ്ചയായിരിക്കും ജീവനക്കാർ ജോലിയിൽ പ്രവേശിക്കുക.1995 മുതൽ 2013ൽ തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ഭരണം കൈമാറുന്നത് വരെ ഖത്തറിനെ നയിച്ചത് ഷെയ്ഖ് ഹമദായിരുന്നു. കേവലം ഒരു സാധാരണ പ്രവിശ്യ മാത്രമായിരുന്ന ഖത്തറിനെ ലോകത്തെ ഏറ്റവും ധനസമ്പന്നമായ രാജ്യങ്ങളിലൊന്നാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ്. ലോകപ്രശസ്ത വാർത്താ ശൃംഖലയായ അൽ ജസീറ ടെലിവിഷൻ ആരംഭിച്ചതും മധ്യപൂർവദേശത്തേയ്ക്ക് ആദ്യമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് എത്തിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.

ബെൽജിയത്തിന്റെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപം രാജ്യാന്തര പങ്കാളിത്തത്തോടെ വികസിപ്പിച്ച് രാജ്യത്തെ മുൻനിര ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിക്കാരാക്കി മാറ്റിയത് ഷെയ്ഖ് ഹമദാണ്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് ഫോക്‌സ്‌വാഗൺ, ലണ്ടനിലെ ഹാറഡ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ, ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പാരിസ് സെന്റ് ഷെർമെയ്ൻ തുടങ്ങിയ ആഗോള ബ്രാൻഡുകളിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം രാജ്യം നടത്തി.2006ലെ ഏഷ്യൻ ഗെയിംസ്, 2012ലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം, വിവിധ രാജ്യാന്തര സമാധാന കരാറുകൾ എന്നിവയ്ക്കും അദ്ദേഹത്തിന്റെ ഭരണകാലം സാക്ഷ്യം വഹിച്ചു.

ഗാസയിലെ റോഡ് വികസനത്തിനും ആശുപത്രി നിർമാണത്തിനുമായി ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായമാണ് ഖത്തർ നൽകിയത്. ഗാസയിലെ പ്രമുഖ ആശുപത്രി അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 1971 വരെ ബ്രിട്ടിഷ് സംരക്ഷണയിലായിരുന്ന ഖത്തറിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ശേഷമാണ് ഷെയ്ഖ് ഹമദ് വിടവാങ്ങിയത്.ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിലും കുവൈത്തിലും നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. യുഎഇ പ്രെസിഡൻഷ്യൽ കോർട്ടാണ് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഇന്നലെ മുതൽ ജൂലൈ 15 ബുധനാഴ്ച വരെ യുഎഇയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും വിദേശങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും എംബസികളിലും ദേശീയ പതാക പകുതി താഴ്യ്ത്തികെട്ടി

. ഖത്തറിലെ ഭരണകുടുംബമായ അൽതാനി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരേതന്റെ ആത്മാവിനായി പ്രാർഥിക്കുന്നതായും യുഎഇ അറിയിച്ചു.കുവൈത്ത് അമീർ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശപ്രകാരമാണ് കുവൈത്തിലും നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ രാജ്യത്തുടനീളവും വിദേശങ്ങളിലെ കുവൈത്ത് എംബസികളിലും പതാക പകുതി താഴ്ത്തിക്കെട്ടിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles