കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം സമാനതകളില്ലാത്തതായിരുന്നു. 72 ദിവസങ്ങള്‍ക്കുശേഷം ഗംഗാവലി പുഴയിലെ ലോറിയില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്.
കര്‍ണാടക ഷിരൂരിലെ ദേശീയപാത 66-ല്‍ 2024 ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി. ഒരു ചായക്കടയും സമീപത്തെ വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി വിവരം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മഴ തടസ്സമായി. മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചില്‍. കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ സജീവമായി രംഗത്ത്. തിരച്ചില്‍ പേരിനു മാത്രമേയുള്ളുവെന്ന് അര്‍ജുന്റെ ബന്ധുക്കളുടെ ആരോപണം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി.
ജൂലൈ 20-ന് പുഴയില്‍ സോണാര്‍, റഡാര്‍ പരിശോധനകള്‍ നടത്തി. ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്‍ ജനറല്‍ എം ഇന്ദ്രബാലനും സംഘവും എത്തുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്‍ത്തകന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന് എത്തുന്നു. ജൂലൈ 28ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം തുടരുമെന്ന് അറിയിക്കുന്നു. പല വാഹനങ്ങളുടേയും ഹൈഡ്രോളിക് ജാക്കിയും മറ്റു ഭാഗങ്ങളും കിട്ടിയെങ്കിലും അര്‍ജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. തിരച്ചിലിന്റെ രണ്ടാംഘട്ടം ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി.തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്‍ 20ന് ആരംഭിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. സെപ്തംബര്‍ 21ന് മറ്റൊരു ലോറിയുടെ സ്റ്റിയറിങ്, ക്ലച്ച്, ടയര്‍ ഭാഗങ്ങള്‍ കണ്ടെത്തി. സെപ്തംബര്‍ 22ന് അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി. സെപ്തംബര്‍ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍. ഒടുവില്‍ 72 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ സെപ്തംബര്‍ 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പുഴയില്‍ ലോറി കണ്ടെത്തി. കാബിനില്‍ അര്‍ജുന്റെ മൃതദേഹഭാഗങ്ങളും.






