കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോർഡ് പ്രവർത്തനങ്ങള്‍ക്കെതിരെ നല്‍കിയ നിരവധി ഹർജികള്‍ പരിഗണിച്ചാണ് കോടതി നടപടി.ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങള്‍ അടക്കം ആരോപിച്ചായിരുന്നു ഹർജികള്‍ കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികള്‍ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നല്‍കി കോടതി.
നയപരമായ തീരുമാനങ്ങള്‍ പാടില്ലെന്നും മൂലധന നിക്ഷേപങ്ങളോ ചിലവോ പാടില്ലെന്നും ജുഡീഷ്യല്‍ സിറ്റിംഗ് നടത്താനും അനുമതി ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയില്‍ സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് നല്‍കിയ ഹർജിയില്‍ ആയിരുന്നു നടപടി. കേരള വഖഫ് ബോർഡില്‍ അമുസ്ലിം വിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ് ഹർജി നല്‍കിയിരുന്നു.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്നും നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2026ല്‍ വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചപ്പോള്‍ 9 പേരെയാണ് സർക്കാർ നിശ്ചയിച്ചത്. ഇതില്‍ എല്ലാവരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഷോണിന്‍റെ വാദം.






