ജിദ്ദ : ജിദ്ദയിൽ നിന്ന് കോഴിക്കോട് (കരിപ്പൂർ) അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ സർവീസ് ആരംഭിക്കാനുള്ള നടപടികൾ സൗദിയ എയർലൈൻസ് ആരംഭിച്ചതായി റിപ്പോർട്ട്. അടുത്ത വിന്റർ ഷെഡ്യൂളിൽ ജിദ്ദ-കോഴിക്കോട് റൂട്ടിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.കോഡ് (സി) വിഭാഗത്തിലെ അത്യാധുനിക Airbus A321-XLR വിമാനങ്ങളായിരിക്കും ഈ റൂട്ടിൽ വിന്യസിക്കുക. ഏകദേശം 4,700 നോട്ടിക്കൽ മൈൽ വരെ ഇടവിടാതെ പറക്കാനുള്ള ശേഷിയുള്ള ഈ വിമാനങ്ങൾ ദീർഘദൂര സർവീസുകൾക്ക് ഏറ്റവും അനുയോജ്യമായവയാണ്. ജിദ്ദ-കോഴിക്കോട് റൂട്ടിലെ ആകാശദൂരം ഏകദേശം 2,200 നോട്ടിക്കൽ മൈൽ മാത്രമായതിനാൽ കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമായ സർവീസ് ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.
ജിദ്ദ-കോഴിക്കോട് റൂട്ടിൽ യാത്രക്കാരുടെ ആവശ്യകത കൂടുതലായതിനാൽ ദിവസേന രണ്ട് സർവീസുകൾ നടത്തുന്നതും പരിഗണനയിലുണ്ട്. നിലവിൽ റിയാദ്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന A321 NEO വിമാനങ്ങൾക്ക് പകരം ജിദ്ദ റൂട്ടിൽ A321-XLR എത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.അതേസമയം, റിയാദ്-കോഴിക്കോട് സർവീസ് നിർത്തുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് സൗദിയ എയർലൈൻസിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ല. 2026 ഒക്ടോബർ 25-നോടകം ജിദ്ദ-കോഴിക്കോട് സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.






