മനാമ:ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് താളം തെറ്റി വിമാന സർവിസുകൾ. തിങ്കളാഴ്ച രാവിലെ ബഹ്റൈൻ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലിറക്കി. യാത്രക്കാർ ഇപ്പോഴും വിമാനത്തിൽ തുടരുകയാണ്.സ്ഥിതിഗതികൾ ശാന്തമായാൽ മാത്രമേ ബഹ്റൈനിലേക്ക് കൊണ്ടുവരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അല്ലാത്ത പക്ഷം മറു മാർഗങ്ങളോ തിരികെ കോഴിക്കോട്ടേക്ക് തന്നെ കൊണ്ടുപോവുകയോ ചെയ്യേണ്ടി വരും.
ഉച്ചക്ക് തിരികെ കോഴിക്കോട്ടേക്ക് പോകേണ്ട എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കുകയും ചെയ്തിട്ടു. അടിയന്തരമായും, അവധിക്കാലമായതിനാലും നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരുന്നത്.ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് ഈ സാഹചര്യത്തിൽ റദ്ദാക്കുകയോ ഡിലേ ആവുകയോ ചെയ്തത്.
ഉച്ചവരെ തൽസ്ഥിത തുടർന്നുവെങ്കിലും പിന്നീട് ചില എയർലൈനുകൾ പുറപ്പെടുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. അതേസമയം എമിറേറ്റ്സിന്‍റെയും ഖത്തർ എയർവെയിസിന്‍റെയും വിമാനങ്ങൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.ഈ മാസം 31 വരെ എമിറേറ്റ്സും 24 വരെ ഖത്തർ എയർവേഴ്സും ബഹ്റൈനിലേക്ക് ഷെഡ്യുളിലില്ല. നേരത്തെ പ്രസ്തുത എയർലൈനുകളിൽ ടിക്കെറ്റെടുത്ത, അവധികഴിഞ്ഞ് തിരികെ വരാനിരിക്കുന്ന നിരവധി മലയാളികളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്ന സാഹചര്യം കൂടിയാണിത്. വിമാനം ഷെഡ്യുൾ ചെയ്യാത്ത സ്ഥിതിക്ക് വലിയ തുകക്ക് മറ്റൊരു ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഭീമമായ ടിക്കറ്റ് ചാർജാണ് നിലവിൽ കേരളത്തിൽനിന്നടക്കുമുള്ള സെക്ടറികളിൽ നിന്ന് എയർലൈൻ കമ്പനികൾ ഈടാക്കുന്നത്






