spot_img
Friday, July 24, 2026

കള്ളാടി മണ്ണിടിച്ചിൽ: മേഖലയിൽ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്‌ധ സമിതി



കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിൽ എത്താൻ ആകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്‌ഞൻ ഡോ. സി.പി രാജേന്ദ്രൻ. തുരങ്കപ്പാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനെത്തിയ വിദഗ്ധ സമിതി വ്യാഴാഴ്ച ഉച്ചയോടെ സ്ഥലം സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി.മേഖലയിൽ അശാസ്ത്രീയ നിർമാണം നടന്നിട്ടുണ്ടോയെന്ന് സംഘം വിശദമായി പരിശോധിക്കും.

ദുരന്ത കാരണം കണ്ടെത്തൽ, സംസ്‌ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പാരിസ്‌ഥിതിക അനുമതികളുടെ വിലയിരുത്തൽ, കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ പരിശോധിക്കൽ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ, നിർമാണ മേഖലയിലെ സുരക്ഷാ വീഴ്‌ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവ സമിതി പരിശോധിക്കും.പരിസ്‌ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള സാങ്കേതിക വശങ്ങളും സമിതി വിലയിരുത്തുമെന്നും സമഗ പഠനത്തിന് ശേഷം അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും സമിതി അറിയിച്ചു. വിദഗ്ധ സമിതി അംഗങ്ങൾ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീയുമായി ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.

ആനക്കാംപൊയിൽ തുരങ്കപ്പാത നിർമാണ മേഖലയിൽ സമിതി അംഗങ്ങൾ ഇന്ന് സന്ദർശനം നടത്തും.സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി.പുകഴേന്തി, പരിസ്‌ഥിതി ശാസ്ത്രജ്‌ഞൻ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശർമിഷ്ടട സിങ് (ഐഐടി പാലക്കാട്), പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശാസ്ത്രജ്ഞൻ ഡോ. ജൂഡ് ഇമ്മാനുവൽ, ജിയോ-ടെക്നിക്കൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. ശ്രീവത്സ കൊളത്തായർ (എൻഐടി കർണാടക), സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. എം മധു കാർത്തിക് (ഐഐടി പാലക്കാട്), ടണൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. അങ്കേഷ് കുമാർ (ഐഐടി പാലക്കാട്) എന്നിവർസന്ദർശനത്തിന് നേതൃത്വം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles