spot_img
Sunday, July 26, 2026

വിദേശത്തുനിന്ന് വീട്ടുകാരറിയാതെ കോഴിക്കോട് എത്തി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ച പത്തനംതിട്ടക്കാരി കസ്റ്റഡിയിൽ.



കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല എന്നാണു സൂചന. യുവതിയെ ഉടൻ തന്നെ കോഴിക്കോട് എത്തിക്കും. ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകും എന്ന ഭയമാണ് കുഞ്ഞിനെ കൈമാറാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് യുവതി പൊലീസിനോട് സൂചിപ്പിച്ചത് എന്നാണു വിവരം.

ഈ മാസം എട്ടിനാണ് യുവതി മെഡിക്കൽ കോളജിൽ എത്തിയത്. വയനാട് സ്വദേശി എന്ന വിലാസം ആണ് ആശുപത്രിയിൽ നൽകിയത്. തുടർന്ന് 12 ന് ഇവർ ആശുപത്രിയിൽ നിന്നും പോയി. പിന്നീട് കുഞ്ഞിന് അസുഖമാണെന്നു പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവതി, കുഞ്ഞിനെ അൽപനേരത്തേക്ക് നോക്കാൻ എന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പക്കൽ ഏൽപിച്ച ശേഷം കടന്നുകളയുകയായിരുന്നു.

ഏറെ സമയമായിട്ടും യുവതി മടങ്ങിവരാത്തതോടെ ഈ സ്ത്രീ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ പിന്നീട് ശിശുക്ഷേമ സമിതിയെ അറിയിച്ച് സുരക്ഷിതമായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനു ശേഷം മെഡിക്കൽ കോളജ് പൊലീസും സിറ്റി പൊലീസും ഊർജിതമായി നടത്തിയ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ട സ്വദേശി ആണെന്നത് വ്യക്തമായത്.അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സമീപമുളള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സ്റ്റേഷനിൽ പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മ എന്നു വ്യക്തമായി. പ്രസവസമയത്തും യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി. പത്തനംതിട്ടയിൽ എത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവതി മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണ് എന്ന വിവരവും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ലഭിച്ച നവജാത ശിശുവിനെ വനിതാ പൊലീസിന്റെ പ്രത്യേക സുരക്ഷയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ തന്നെ ശിശുക്ഷേമ സമിതിക്കു മുന്നിൽ ഹാജരാക്കി. തുടർന്ന് അവരുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റി. കുഞ്ഞിന് ആവശ്യമായ എല്ലാ പരിചരണവും ഇവിടെ ഉറപ്പാക്കി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉൾപ്പെടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles