spot_img
Sunday, July 26, 2026

താമരശ്ശേരി ചുരം മാലിന്യമുക്തമാക്കാൻ ജനകീയ കൂട്ടായ്മ; ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ BMCകളുടെ നേതൃത്വത്തിൽ വിപുലമായ ക്ലീനിങ് ഡ്രൈവ്.



കോഴിക്കോട്: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ (BMC) നേതൃത്വത്തിൽ പുതുപ്പാടി, താമരശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 28ന് താമരശ്ശേരി ചുരത്തിൽ വിപുലമായ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കും.ലക്കിടി മുതൽ ചിപ്പിലിത്തോട് വരെയുള്ള താമരശ്ശേരി ചുരം പാതയിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ചുരത്തിന്റെ രണ്ടാം വളവിൽ രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിക്കും. തിരുവമ്പാടി എം.എൽ.എ. സി. കെ. കാസിം പരിപാടി ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തിന് ശേഷം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവവൈവിധ്യ ക്ലബ് അംഗങ്ങളെയും NSS വോളണ്ടിയർമാരെയും വിവിധ ഗ്രൂപ്പുകളായി തിരിച്ച് ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ചുരം പാതയിലും പരിസരങ്ങളിലും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വിവിധ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യും.

മുന്നൂറിലധികം വിദ്യാർത്ഥികൾക്കൊപ്പം പുതുപ്പാടി, കോടഞ്ചേരി, താമരശ്ശേരി ഗ്രാമപഞ്ചായത്തുകൾ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളാകും.ചുരത്തിന്റെ പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയുന്നതിനും ആവശ്യമായ കർശന നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ഇടപെടലുകൾക്ക് തുടക്കം കുറിക്കാനും പരിപാടി ലക്ഷ്യമിടുന്നു.പശ്ചിമഘട്ടത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളിലൊന്നായ താമരശ്ശേരി ചുരം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്.

നിരവധി സസ്യ-ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയായ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. ചുരത്തിന്റെ പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും നിലനിർത്തുന്നതിനും മാലിന്യനിക്ഷേപം തടയുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം, ആവാസവ്യവസ്ഥകളുടെ നാശം, മലിനീകരണം, പ്ലാസ്റ്റിക് മാലിന്യം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം തുടങ്ങിയ വെല്ലുവിളികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനാണ് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത്.

പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഓരോ വ്യക്തിക്കും സമൂഹത്തിനും ഉണ്ടെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും പ്രകൃതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ദിനാചരണം ലക്ഷ്യമിടുന്നു.വിദ്യാർത്ഥികളെയും യുവജനങ്ങളെയും പൊതുസമൂഹത്തെയും വിവിധ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഈ കൂട്ടായ പ്രവർത്തനം താമരശ്ശേരി ചുരത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരും. ചുരം മാലിന്യമുക്തമാക്കുന്നതിനൊപ്പം, ചുരത്തിലൂടെ യാത്ര ചെയ്യുന്ന ഓരോരുത്തരിലും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തുകയും മാലിന്യം വലിച്ചെറിയുന്ന പ്രവണതയ്ക്ക് തടയിടുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles