കോഴിക്കോട്: പൊലീസ് കാൻ്റീനിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി. പത്തനംതിട്ട സ്വദേശിയായ ഹാരിസ് (46) ആണ് പിടിയിലായത്. കോഴിക്കോട് പൊലീസ് ആസ്ഥാനത്തിനോട് ചേർന്നുള്ള കാൻ്റീനിൽ ഇന്നലെ ഉച്ചയോടെയാണ് മോഷണം നടന്നത്. കാൻ്റീനിലെ കാഷ്യറുടെ മൊബൈൽ ഫോൺ ആണ് ഇയാൾ തഞ്ചത്തിൽ മോഷ്‌ടിച്ച് കൊണ്ടുപോയത്.ഉച്ചഭക്ഷണം കഴിക്കുന്നതിന് വേണ്ടി പൊലീസുകാർ ഉൾപ്പെടെ ധാരാളം പേർ എത്തുന്ന തിരക്കുള്ള സമയം നോക്കിയാണ് ഇയാൾ കാൻ്റീനിൽ എത്തിയത്. വരുന്ന സമയത്ത് മദ്യവും കഴിച്ചിരുന്നു. ഭക്ഷണം കഴിച്ചശേഷം ക്യാഷ് കൗണ്ടറിന് സമീപത്ത് മാസ്‌ക് ധരിച്ചായിരുന്നു പണം നൽകാൻ എത്തിയത്. പണം നൽകി ബാക്കി തുക വാങ്ങിയശേഷം ക്യാഷ് കൗണ്ടറിന് മുകളിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മെല്ലെ കൈക്കലാക്കി.അതിനുശേഷം പെട്ടെന്ന് തന്നെ സ്ഥലം വിടുകയായിരുന്നു.മൊബൈൽ മോഷ്‌ടിക്കുന്ന രംഗം ഒന്നും കൗണ്ടറിലുള്ള ജീവനക്കാരൻ കണ്ടിരുന്നില്ല. എന്നാൽ മുകളിലുള്ള സിസിടിവിയിൽ ഈ ദൃശ്യങ്ങളെല്ലാം നല്ല വ്യക്തമായി പതിഞ്ഞിരുന്നു. തിരക്ക് കുറഞ്ഞ സമയത്താണ് ജീവനക്കാരൻ മൊബൈൽ ഫോൺ നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ കോഴിക്കോട് കസബ പൊലീസിൽ പരാതിപ്പെട്ടു.പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. കൂടാതെ സൈബർ പൊലീസിൻ്റെയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡിൻ്റെയുംനേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തി.നേരത്തെയും ഇതിന് സമാനമായ വിധത്തിൽ മോഷണം നടത്തിയതിന് കോഴിക്കോട് നല്ലളം പൊലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.






