നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച് വാണിജ്യവിജയം കൊയ്ത ദൃശ്യം മൂന്ന് കണ്ടതിന് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു, ദൃശ്യം 4 ഉണ്ടാകുമെന്ന്. ഇക്കാര്യം ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മഴവില്‍ മനോരമ എന്റര്‍ടെയിന്റ്‌മെന്റ് അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.’മഴവില്‍ മനോരമയില്‍വെച്ച് ജീത്തുവിന്റെ അനുവാദമില്ലാതെയാണ് ദൃശ്യം 3 ഉണ്ടാകുമെന്ന് പറഞ്ഞത്. അതേ സ്ഥലത്ത് വെച്ചുതന്നെ പറയുന്നു, ദൃശ്യം 4 ഉണ്ടാകും. ഇതെന്റെ മനസ്സില്‍ നിന്ന് പറയുന്നതാണ്. ആ സിനിമയുണ്ടാകും.’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.കഴിഞ്ഞ മെയ് 21ന് തീയേറ്ററുകളിലെത്തിയ ദൃശ്യം 3ന് സമ്മിശ്രപ്രതികരണമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഏകദേശം 240 കോടി രൂപയിലധികം ചിത്രം നേടി. റിലീസ് ചെയ്ത് 58 മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചു.
മുമ്പ് ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് നാലാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. മുന്‍ ഭാഗങ്ങളുടെ ചിത്രീകരണ വേളയില്‍പ്പോലും ആന്റണി പെരുമ്പാവൂര്‍ അടുത്ത ഭാഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തനിക്ക് പ്രേരണ നല്‍കിയിരുന്നതായി സംവിധായകന്‍ വെളിപ്പെടുത്തി. ‘ഒന്നിന് ശേഷം രണ്ടിനെക്കുറിച്ചും, രണ്ടിന്റെ ചിത്രീകരണത്തിനിടയില്‍ മൂന്നിനെക്കുറിച്ചും ചിന്തിക്കാന്‍ അവര്‍ പറഞ്ഞു. ഇപ്പോള്‍ പറയുന്നത് നാലാമത്തെ ഭാഗത്തിനായി ചിന്തിച്ചുതുടങ്ങാനാണ്.’ ജീത്തു ജോസഫ് പറഞ്ഞു.എന്നാല്‍ ബോക്‌സ് ഓഫീസ് വിജയം മാത്രം മുന്നില്‍ക്കണ്ട് തിരക്കിട്ട് മറ്റൊരു ഭാഗം കൂടി ചെയ്യാന്‍ താന്‍ തയാറല്ലെന്നും, ജോര്‍ജുകുട്ടിയുടെയും മറ്റ് കഥാപാത്രങ്ങളുടെയും യാത്ര അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാന്‍ കൃത്യമായ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആന്റണി പെരുമ്പാവൂര്‍ നാലാം ഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ, ജീത്തു ജോസഫ് ഈ കഥയെ എങ്ങനെ മുന്നോട്ട് നയിക്കുമെന്നുള്ള ആകാംഷയിലാണ് സിനിമാപ്രേമികള്‍.






