spot_img
Thursday, August 27, 2026

അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അടച്ചുപൂട്ടും: രേഖാമൂലം ഉറപ്പുലഭിച്ചതായി സമരസമിതി; കേസുകൾ റദ്ദാക്കാനും ധാരണ



കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് 2027 മാർച്ച് മാസത്തോടെ അടച്ചുപൂട്ടാൻ ധാരണ. കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ അറിയിച്ചു. ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി പ്ലാന്റ് മാറ്റി സ്ഥാപിക്കാനാണ് ഉടമകളുമായുള്ള ചർച്ചയിൽ ധാരണയായതെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ മനോരമ ഓൺലൈനോട് പറഞ്ഞു.

കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നേരത്തെ ധാരണയായെങ്കിലും നാലായിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ രേഖാമൂലം ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളളു എന്ന നിലപാടിലായിരുന്നു സമരസമിതി.2027 മാർച്ച് 31ന് മുൻപായി നിലവിലെ പ്ലാന്റിന്റെ പ്രവർത്തനം നിർത്താനാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കമ്പനി അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രകാരം കരാർ ആയതെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം കമ്പനിയിൽ നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ഓഗസ്റ്റ് 27 മുതൽ പ്ലാന്റ് താൽക്കാലികമായി പ്രവർത്തിക്കും.

എന്നാൽ പ്രതിദിനം 25 ടൺ മാലിന്യം മാത്രമാകും ഇവിടെ സംസ്കരിക്കുക. ഇത്തരത്തിൽ മാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കമ്പനി ഉടമകൾ ഉറപ്പു നൽകിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടാൽ ധാരണയിൽ നിന്ന് പിൻമാറുമെന്ന് സമരസമിതി അറിയിച്ചതായും ബാബു കുടുക്കിൽ പറഞ്ഞു.ഓഗസ്റ്റ് എട്ടിന് താമരശ്ശേരിയിൽ എംഎൽഎമാരായ പി.കെ. ഫിറോസ്, സി.കെ.കാസിം, എം.എ. റസാഖ് എന്നിവരുടെ സാന്നിധ്യത്തിലും തുടർന്ന് 19ന് തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സമരസമിതിയും ഫ്രഷ് കട്ട് കമ്പനി പ്രതിനിധികളും തമ്മിൽ ധാരണയിലെത്തിയത്.

ജനവാസമില്ലാത്ത ഒരിടത്തേക്ക് പ്ലാന്റ് മാറ്റുന്നതിനും അതിനുള്ള അനുമതികൾ വേഗത്തിലാക്കാനും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകാനും തീരുമാനമായി.കേസുകൾ റദ്ദാക്കാനും ധാരണഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് സമരസമിതി പ്രവർത്തകർക്കും നാട്ടുകാർക്കും എതിരെ നൽകിയ കേസുകളും ഫ്രഷ് കട്ട് കമ്പനി ഉടമകൾക്കെതിരെ നിലവിലുളള കോടതി കേസുകളും റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കാനും ധാരണയായി. നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി നൽകിയ സ്റ്റേ ഓർഡർ പരിഗണിക്കുമ്പോൾ ഇരുഭാഗത്തെയും അഭിഭാഷകർ ഇക്കാര്യം കോടതിയെ ധരിപ്പിക്കും. തുടർസമരങ്ങളിലൂടെ വിവാദത്തിലായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ സമീപത്തെ മൂന്നു പഞ്ചായത്തുകളിലെ ജനങ്ങളാണ് സമരസമിതി രൂപീകരിച്ച് സമരം നടത്തിവന്നത്.

ഫാക്ടറിയിൽ നിന്ന് മാലിന്യസംസ്കരണത്തിന്റെ ഭാഗമായി അസ്സഹനീയമായ ദുർഗന്ധം ഉണ്ടാകുന്നതായും സമീപത്തെ ഇരുവഞ്ഞിപ്പുഴയിലേക്ക് ഫ്രഷ് കട്ട് കമ്പനിയിൽ നിന്നുള്ള മാലിന്യം എത്തുന്നു എന്നുമായിരുന്നു ആക്ഷേപം ഉയർന്നത്.കഴിഞ്ഞ വർഷം ഒക്ടോബർ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുന്നതിനിടെ ചിലർ പ്ലാന്റിനു തീവയ്ക്കുകയും ഫ്രഷ്കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്കു നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ റൂറൽ എസ്പി ഉൾപ്പെടെ ഒട്ടേറെ പൊലീസുകാർക്കു പരുക്കേറ്റിരുന്നു. 2019 മുതലാണ് പ്ലാന്റ് താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവർത്തനം തുടങ്ങിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles