ബാലുശ്ശേരി : അടുത്ത അധ്യയന വർഷം മുതൽ ഒറ്റ സ്കൂൾ. ബാലുശ്ശേരി ഗവ. എച്ച്എസ്എസും ഗവ. വൊക്കേഷനൽ എച്ച്എസ്എസും ലയിപ്പിച്ച് സർക്കാർ ഉത്തരവായി. അടുത്ത അധ്യയന വർഷം മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. 1982ൽ ബാലുശ്ശേരി ഗവ. ഹൈസ്കൂൾ വിഭജിച്ചാണ് ഗേൾസ്, ബോയ്സ് സ്കൂളുകൾ തുടങ്ങിയത്. വലിയ മതിൽ നിർമിച്ച് രണ്ട് സ്കൂളുകളെയും വേർതിരിച്ചു. ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ പിന്നീട് പുതിയ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.ഏതാനും വർഷം മുൻപ് സർക്കാർ ഉത്തരവ് വന്നതോടെ ആൺ, പെൺ വേർതിരിവ് പേരിൽ നിന്നു മാറ്റി എല്ലാവർക്കും പ്രവേശനം നൽകിത്തുടങ്ങി. ഒരു സ്ഥലത്ത് രണ്ട് സ്കൂളുകളായി പ്രവർത്തിക്കുന്നതിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കിയതോടെയാണ് ഒരു സ്കൂളാക്കി മാറ്റി എല്ലാ സൗകര്യങ്ങളും വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ അവസരം ഉണ്ടാകണമെന്ന ആവശ്യം ശക്തമായത്.ജിജിഎച്ച്എസ്എസിൽ മികച്ച ലാബ് സൗകര്യങ്ങൾ ഉള്ളപ്പോൾ കളി സ്ഥലം ജിവിഎച്ച്എസ്എസിനു മാത്രമാണുള്ളത്. ലയനം പൂർണമാകുന്നതോടെ പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. സ്കൂളുകൾ ഏകീകരിക്കുമ്പോൾ പ്രതിവർഷം സർക്കാരിന് 48 ലക്ഷം രൂപ ലാഭിക്കാൻ കഴിയും. ഒരു പ്രധാനാധ്യാപകൻ ഉൾപ്പെടെ വിവിധ തസ്തികകളിൽ കുറവ് വരും.സ്കൂളുകളെ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2023ൽ സർവോദയം ട്രസ്റ്റ് ചെയർമാനായിരുന്ന കെ.പി.മനോജ് കുമാർ നവ കേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സ്കൂളുകളെ ലയിപ്പിക്കുന്നതിനായി പിടിഎയും ജില്ലാ പഞ്ചായത്തും പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കിട്ടുന്നതിനായി മുൻ എംഎൽഎ കെ.എം.സച്ചിൻദേവും വി.ടി.സൂരജ് എംഎൽഎയും സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തി.താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫിസറായിരുന്ന കെ.കെ.സുബൈർ കൃത്യമായി ഈ വിഷയത്തിൽ ഇടപെട്ട് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. അന്ന് ജിഎച്ച്എസിലെ അധ്യാപകനായിരുന്ന യു.കെ.ഷജിലാണ് റിപ്പോർട്ട് തയാറാക്കിയത്. ലയനത്തോടെ അധികം വരുന്ന തസ്തികകളിൽ ഉള്ളവരെ പുനർവിന്യസിക്കും.






