തിരുവനന്തപുരം : സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ സെപ്റ്റംബർ 9-ന് നടക്കും. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ അച്യുത മേനോൻ സെന്റർ ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിക്കും.2025 ഓഗസ്റ്റ് മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ അവയവദാനം ചെയ്ത 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ മന്ത്രി ആദരിക്കും. മരണാനന്തര അവയവദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാര വിതരണവും മസ്തിഷ്‌കമരണ നിർണയം മുതൽ ശസ്ത്രക്രിയ വരെയുള്ള വിവിധ ഘട്ടങ്ങളിൽ സേവനം കാഴ്ചവെച്ചവർക്കുള്ള ആദരിക്കലും ചടങ്ങിൽ നടക്കും. ഇതോടൊപ്പം കെ-സോട്ടോയുടെ വാർഷിക റിപ്പോർട്ട് പ്രകാശനവും പുതിയ ടോൾഫ്രീ നമ്പറിന്റെ ലോഞ്ചിംഗും നിർവഹിക്കും. അവയവദാന സമ്മതപത്രം രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കായി വേദിക്ക് സമീപം പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കും. ജില്ലാ കളക്ടർ അനുകുമാരി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.






