വൈത്തിരി: വേഗതയില്ലെന്ന് പറഞ്ഞ് വയനാട് ചുരം രണ്ടാം വളവിൽവെച്ച് കെ.എസ്.ആർ.ടി.സി ബസിനും ഡ്രൈവർക്കുംനേരെ യുവാവിന്റെ പരാക്രമം. തിങ്കളാഴ്ച പുലർച്ച ഒന്നരക്ക് തൃശൂരിൽനിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം.യാത്രക്കാരനായ വയനാട് പുൽപള്ളി പഠിച്ചിറ പുളിക്കൽ കുന്നേൽ ഷൈജലിനെ (36) താമരശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. ഡ്രൈവർ തൃശൂർ സ്വദേശി ടോയിക്കു പരിക്കേറ്റു. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്യാങ്കളിക്കിടെ യുവാവിനും തലക്ക് പരിക്കേറ്റു. ബസിന്റെ ഹെഡ് ലൈറ്റും ഡ്രൈവറുടെ ഭാഗത്തുള്ള വാതിലിന്റെ ചില്ലും തകർന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.മറ്റു വാഹനങ്ങളിലെ യാത്രക്കാരടക്കം യുവാവിനെ തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. ബസിലെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. പ്രതിയെ കോഴിക്കോട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. യുവാവ് ലഹരിയിലായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.






