spot_img
Tuesday, September 8, 2026

ഇരുമ്പുകഷ്ണങ്ങളെ സ്വപ്നംകൊണ്ട് വിളക്കിച്ചേർത്തു; ഇത് അജ്‌ലാന്റെ അത്ഭുത വാഹനം



നരിക്കുനി: ആക്രിക്കടയിൽ ഉപേക്ഷിക്കപ്പെട്ട ബൈക്കിന്റെ എൻജിനും പഴയ ഇരുമ്പുകഷ്ണങ്ങളും ചേർത്തു സ്വന്തമായി നാലുചക്ര വാഹനം നിർമിച്ച് വിസ്മയമാവുകയാണ് നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അജ്‌ലാൻ. ചെറുപ്പം മുതലേയുള്ള വണ്ടിക്കമ്പമാണ് മൂന്നുമാസത്തെ കഠിനാധ്വാനത്തിലൂടെ അജ്‌ലാൻ സ്വന്തം സ്വപ്നവാഹനമാക്കി റോഡിലിറക്കിയത്.ആക്രിക്കടയിൽ നിന്ന് വാങ്ങിയ 2011 മോഡൽ ഹീറോ ഗ്ലാമർ ബൈക്കിന്റെ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഡിസൈൻ മുതൽ വെൽഡിങ് വരെയുള്ള പ്രധാന ജോലികളെല്ലാം അജ്‌ലാൻ തനിയെ ചെയ്തു. ചില പഴയ പാർട്സുകൾ വർക്ക്‌ഷോപ്പുകളിൽ നിന്നും സൗജന്യമായി ലഭിച്ചതോടെ 35,000 രൂപക്കാണ് ഈ വണ്ടിയുടെ നിർമാണം പൂർത്തിയാക്കിയത്സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മകന്റെ കഴിവിലും ആഗ്രഹത്തിലും പൂർണമായി വിശ്വസിച്ച ഒരു പിതാവിന്റെ ത്യാഗത്തിന്റെ കഥ കൂടിയാണ് ഈ വാഹനത്തിന് പിന്നിലുള്ളത്. കൂലിപ്പണിക്കാരനായ അജ്നാന്റെ പിതാവ് എരവന്നൂർ ഓരോട്ട് മുഹമ്മദ് ബഷീർ ഈ വാഹനം നിർമിക്കാനാവശ്യമായ പണം ബാങ്കിൽ സ്വർണം പണയപ്പെടുത്തിയും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ കടം വാങ്ങിയുമാണ് മകന് നൽകിയത്.രണ്ടുപേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ പെട്രോൾ വാഹനത്തിന് ലിറ്ററിന് 30 കിലോമീറ്റർ മൈലേജ് ലഭിക്കും. ആകർഷകമായ ഹോണും പാട്ടുകേൾക്കാൻ സ്പീക്കർ സംവിധാനവും ഇതിലുണ്ട്. പഠനത്തോടൊപ്പം ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് അജ്‌ലാൻ ഈ നേട്ടം കൈവരിച്ചത്. സൈക്കിളിൽ നാല് ചക്രങ്ങൾ ഘടിപ്പിച്ചുകൊണ്ടായിരുന്നു അജ്‌ലാൻ തന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എൻജിനില്ലാത്ത കാർ നിർമിച്ചിരുന്നു. ആ കൊച്ചു വിജയം മനസ്സിൽ നൽകിയ വലിയൊരു ആഗ്രഹമാണ് സ്വന്തമായി ഒരു കാർ നിർമിക്കുക എന്ന മോഹത്തിലേക്ക് അജ്‌ലാനെ എത്തിച്ചത്.സ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ അജ്നാൻ വാഹനം പ്രദർശിപ്പിച്ചപ്പോൾ സഹപാഠികളും നാട്ടുകാരും അധ്യാപകരും അഭിനന്ദിച്ചു. ഭാവിയിൽ ഓട്ടോമൊബൈൽ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ഈ കൊച്ചു മിടുക്കന് മാതാവ് റഹ്‌മത്തും അനിയത്തിമാരായ അത്ഫ, അയ്ഫ എന്നിവരും അധ്യാപകരും നാട്ടുകാരും പൂർണ പിന്തുണ നൽകുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles