തിരുവനന്തപുരം : മട്ടൻ ഒഴിവാക്കി ജയിൽ മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള കരുതലുമെന്ന് ജയിൽ വകുപ്പിന്റെ വിശദീകരണം. ചെലവു കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മട്ടൻ ഒഴിവാക്കാൻ നിർദേശിച്ചതെന്നും മീൻ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്നും ജയിൽ മേധാവി ഡിജിപി എസ്.ശ്രീജിത്ത് വ്യക്തമാക്കി.ആട്ടിറച്ചി കൊളസ്ട്രോളും ബിപിയും കൂടാൻ കാരണമാകുമെന്ന ഡോക്ടർമാരുടെ നിർദേശം സഹിതമാണ് ജയിൽ മെനുവിൽ മാറ്റം വരുത്താനുള്ള ശുപാർശ ആഭ്യന്തരവകുപ്പിന് കൈമാറിയത്. 2014 ൽ അന്നത്തെ യുഡിഎഫ് സർക്കാരാണ് ജയിൽ ഭക്ഷണത്തിൽ മട്ടനും മീനും ഉൾപ്പെടുത്തിയത്. 12 വർഷത്തിനുശേഷം മറ്റൊരു യുഡിഎഫ് സർക്കാരിന് മുന്നിലേക്കാണ് മട്ടൻ ഒഴിവാക്കാനുള്ള നിർദേശമെത്തുന്നത്.WHAT YOU SHOULD READ NEXTശനിയാഴ്ചകളിലും പ്രത്യേക ആഘോഷ ദിവസങ്ങളിലുമാണ് ജയിലിൽ ഉച്ചഭക്ഷണത്തിനൊപ്പം മട്ടൻ നൽകുന്നത്. ആഴ്ചയിൽ 100 ഗ്രാം മട്ടൻ കഴിക്കുന്നുണ്ടെങ്കിലും തടവുകാരിൽ ഭൂരിഭാഗവും വ്യായാമങ്ങളിലേർപ്പെടുന്നില്ല. ഇത് ഹൃദ്രോഗത്തിനും ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുന്നതായി ജയിൽവകുപ്പ് അധികൃതർ പറയുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിലെ 1600 തടവുകാരിൽ 869 പേർ വിവിധ രോഗങ്ങളാൽ ദിവസവും മരുന്ന് കഴിക്കുന്നവരാണെന്നാണ് റിപ്പോർട്ട്. മട്ടൻ ഒഴിവാക്കുന്നതിലൂടെ പ്രതിവർഷം 5.72 കോടി രൂപ ലാഭിക്കാമെന്നാണ് ജയിൽ വകുപ്പിന്റെ കണക്ക്. ആട്ടിറച്ചിക്ക് പകരം മുട്ട, സോയ എന്നിവ ജയിൽ മെനുവിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദേശം.ശനിയാഴ്ചകളിൽ ഉച്ചഭക്ഷണത്തിനൊപ്പം മട്ടനും തിങ്കൾ, ബുധൻ ദിവസങ്ങളിൽ മീൻ കറിയും. മറ്റ് ദിവസങ്ങളിലെല്ലാം ഉച്ചഭക്ഷണത്തിനൊപ്പം വെജിറ്റബിൾ കറി. പ്രഭാത ഭക്ഷണമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉപ്പുമാവ്. ഞായറാഴ്ചകളിൽ മാത്രം ഇഡ്ഡലി. അത്താഴത്തിന് എല്ലാ ദിവസവും ചോറും വെജിറ്റബിൾ കറിയും. വൈകിട്ട് നാലിന് ദിവസവും ചായ.






