തിരുവനന്തരപുരം: സംസ്ഥാനത്ത് മഴ മാറി വെയില്‍ കനക്കുന്ന സാഹചര്യമെത്തിയിട്ടും അടിയന്തര പ്രളയ ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയില്ലെന്ന് പരാതി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരാണ് പരാതിയുമായി രംഗത്തെത്തിയത്. ഒന്നര മാസം കഴിഞ്ഞിട്ടും അടിയന്തര ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയില്ലെന്നാണ് ആരോപണം. ആലപ്പുഴ ജില്ലയില്‍ നാല്‍പ്പതിനായിരത്തിലധികം പേര്‍ അപേക്ഷ നല്‍കിയതില്‍ 83 പേര്‍ക്ക് അയ്യായിരം രൂപ മാത്രമാണ് വിതരണം ചെയ്തത്. അര്‍ഹരായവരുടെ പട്ടിക പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോട്ടയം ജില്ലയില്‍ ദുരിതബാധിതരുടെ വിവരങ്ങള്‍ എല്‍ആര്‍ഡി ഫോമില്‍ രേഖപ്പെടുത്തുന്ന പ്രക്രിയ ഇനിയും പൂര്‍ത്തിയാകാത്തതാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളെയായിരുന്നു മഴ സാരമായി ബാധിച്ചത്. കുട്ടനാട്ടില്‍ 41,738 പേര്‍ അപേക്ഷ നല്‍കിയതില്‍ 83 പേര്‍ക്ക് മാത്രമാണ് ഇതുവരെ പകുതിയെങ്കിലും ധനസഹായം വിതരണം ചെയ്തത്. പതിനായിരം രൂപ വീതം നല്‍കുമെന്നായിരുന്നു പറഞ്ഞതെങ്കിലും 83 പേര്‍ക്ക് അയ്യായിരം രൂപ വീതം മാത്രമാണ് വിതരണം ചെയ്തത്. ഗഡുക്കളായി വിതരണം ചെയ്യുമെന്നാണ് പഞ്ചായത്തുകള്‍ക്ക് തഹസില്‍ദാര്‍ നല്‍കിയ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറാകുന്നുമില്ല. അര്‍ഹരെ കണ്ടെത്താന്‍ ഫീല്‍ഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ലിസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലിസ്റ്റില്‍ ഇടംപിടിച്ചോ എന്നത് സംബന്ധിച്ച് അപേക്ഷ നല്‍കിയവര്‍ക്ക് പോലും വ്യക്തതയില്ല. അതേസമയം, കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ നിന്ന് അര്‍ഹരുടെ വിശദവിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ പോര്‍ട്ടലിലേക്ക് നല്‍കിയതായാണ് അധികൃതരുടെ വിശദീകരണം. അതിനിടെ മഴക്കെടുതി തൊഴിലിനെ ബാധിച്ചിട്ടുള്ളവരുടെ 300 രൂപ ധനസഹായ വിതരണത്തിനുള്ള അപേക്ഷ ഇനിയും സ്വീകരിച്ച് തുടങ്ങിയിട്ടില്ല. വെള്ളം കയറിയ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നുള്ള വാഗ്ദാനവും പാലിക്കെപ്പെട്ടിട്ടില്ല.കോട്ടയത്തും മഴക്കെടുതി ദുരിതാശ്വാസ വിതരണം എങ്ങുമെത്തിയിട്ടില്ല. ദുരിതബാധിതരുടെ വിവരങ്ങള്‍ എല്‍ആര്‍ഡി ഫോമില്‍ രേഖപ്പെടുത്തുന്ന നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. ദുരിതബാധിതര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് വിവരം. നിലവില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞിട്ടുള്ളത്. മറ്റ് താലൂക്കുകളില്‍ ഒന്നും വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായിട്ടില്ല. കോട്ടയത്ത് മുപ്പതിനായിരത്തോളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. വൈക്കത്താകട്ടെ പതിനാറിയിരത്തോളം പേരെയും. എല്‍ആര്‍ഡി ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന നടപടി പൂര്‍ത്തിയാകും വരെ ദുരിതബാധിതര്‍ക്ക് പണം ലഭിക്കില്ല.






